പശ്ചിമബംഗാളിൽ കേന്ദ്രസേന: ഹർജി വിധിപറയാൻ മാറ്റി
Friday, April 18, 2025 2:56 AM IST
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വർഗീയ ലഹളയുണ്ടായ മുർഷിദാബാദ് ജില്ലയിൽ കേന്ദ്ര സേനയുടെ സാന്നിധ്യം ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ നൽകിയ ഹർജി കൽക്കട്ട ഹൈക്കോടതി വിധി പറയാനായി മാറ്റി.
ദേശീയ മനുഷ്യാവകാശ കമ്മീഷൻ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, സ്റ്റേറ്റ് ലീഗൽ സർവീസസ് അഥോറിറ്റി എന്നിവയുടെ ഓരോ അംഗങ്ങൾ വീതമുള്ള പാനൽ മേഖല സന്ദർശിച്ച് പുരോഗതി വിലയിരുത്തുന്നത് ഉചിതമായിരിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.
മുസ്ലിം ഭൂരിപക്ഷ ജില്ലയായ മുർഷിദാബാദിലെ കലാപത്തിനിടെ ബോംബ് സ്ഫോടനം നടന്നുവെന്നും അന്വേഷണം എൻഐഎയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഫയൽ ചെയ്ത ഹർജിയും ഡിവിഷൻ ബെഞ്ച് പരിഗണിച്ചു.
ജില്ലയിലെ പ്രശ്നബാധിത പ്രദേശങ്ങളിൽ 17 കന്പനി കേന്ദ്ര സേനയെ ഇപ്പോൾ വിന്യസിച്ചിട്ടുണ്ട്. എന്നാൽ, ക്രമസമാധാനനില നിയന്ത്രണവിധേയമായിക്കഴിഞ്ഞുവെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.