മാലേഗാവ് സ്ഫോടനക്കേസ്: ജസ്റ്റീസ് എ.കെ. ലഹോട്ടിക്ക് ഓഗസ്റ്റ് വരെ തുടരാം
Friday, April 18, 2025 2:56 AM IST
മുംബൈ: മാലേഗാവ് സ്ഫോടനക്കേസിൽ വിചാരണ നടത്തുന്ന പ്രത്യേക എൻഐഎ കോടതി ജഡ്ജി ജസ്റ്റീസ് എ.കെ. ലഹോട്ടിക്ക് ഓഗസ്റ്റ് 31 വരെ തുടരാം. പുതുതായി ഇറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഏതാനും ദിവസം മുന്പ് ഇദ്ദേഹത്തെ നാസിക്കിലേക്കു സ്ഥലംമാറ്റിയിരുന്നു.
മാലേഗാവ് കേസിൽ വിചാരണ അന്തിമഘട്ടത്തിലെത്തിയപ്പോൾ ജഡ്ജിയെ സ്ഥലംമാറ്റിയതിനെതിരേ വിമർശനമുയർന്നിരുന്നു. ഓഗസ്റ്റ് 31 വരെ തുടരാൻ അനുമതി കിട്ടിയ സാഹചര്യത്തിൽ കേസിൽ ജസ്റ്റീസ് എ.കെ. ലഹോട്ടി വിധി പ്രസ്താവിക്കുമെന്ന് ഉറപ്പായി.
2008 സെപ്റ്റംബർ 29ന് മാലെഗാവ് പട്ടണത്തിലെ മോസ്കിനു സമീപമുണ്ടായ സ്ഫോടനത്തിൽ ആറു പേർ കൊല്ലപ്പെട്ടിരുന്നു. നൂറിലേറെ പേർക്കു പരിക്കേറ്റു. മോട്ടോർസൈക്കിളിൽ ഘടിപ്പിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.
ബിജെപി നേതാവ് പ്രജ്ഞാ സിംഗ് ഠാക്കൂർ, ലഫ്. കേണൽ പ്രസാദ് പുരോഹിത് എന്നിവരടക്കം ഏഴു പേർ കേസിൽ വിചാരണ നേരിട്ടു. തുടക്കത്തിൽ മഹാരാഷ്ട്ര എടിഎസ് അന്വേഷിച്ച കേസ് 2011ൽ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) ഏറ്റെടുത്തു.