മുർഷിദാബാദ് കലാപം ആസൂത്രിതമെന്ന് മമത
Thursday, April 17, 2025 2:09 AM IST
കോൽക്കത്ത: മുർഷിദാബാദ് കലാപം ആസൂത്രിതമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിഎസ്എഫും ബിജെപിയും കലാപം ആളിക്കത്തിച്ചുവെന്ന് മമത കുറ്റപ്പെടുത്തി. വഖഫ് നിയമ ഭേദഗതി നടപ്പാക്കരുതെന്ന്, മുസ്ലിം മത നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയശേഷം മമത പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
സ്വന്തം രാഷ്ട്രീയ അജൻഡ നടപ്പാക്കാൻ ശ്രമിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി മോദിയോട് മമത ആവശ്യപ്പെട്ടു. മൂർഷിദാബാദ് കലാപത്തിൽ ബിഎസ്എഫിലെ ഒരു വിഭാഗത്തിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ചില ഏജൻസികൾക്കും പങ്കുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും മമത ആവശ്യപ്പെട്ടു.
“മുർഷിദാബാദ് കലാപത്തിൽ ബംഗ്ലാദേശിനു പങ്കുണ്ടെന്ന തരത്തിലുള്ള വാർത്ത പുറത്തുവന്നിരുന്നു. ആഭ്യന്തര മന്ത്രാലയവൃത്തങ്ങളെ ഉദ്ധരിച്ചുള്ളതായിരുന്നു അത്. ബിഎസ്എഫ് അല്ലേ അതിർത്തി സംരക്ഷിക്കേണ്ടത്.
ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ളതാണ് ബിഎസ്എഫ്. അന്താരാഷ്ട്ര അതിർത്തി സംരക്ഷിക്കുകയെന്നത് സംസ്ഥാന സർക്കാരിന്റെ ചുമതലയല്ല. കേന്ദ്ര സർക്കാരിന് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞു മാറാനാകില്ല.സംഘർഷം ആളിക്കത്തിക്കാനായി പുറത്തുനിന്നു ബിജെപിക്കാരെ എത്തിച്ചു”- മമത പറഞ്ഞു.
ബിഎസ്എഫിന്റെ പ്രവർത്തനങ്ങൾ അന്വേഷണം ആരംഭിക്കാൻ ചീഫ് സെക്രട്ടറിക്ക് മമത നിർദേശം നല്കി. മൂർഷിദാബാദ് കലാപത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ വീതം മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.