ഗ്രനേഡ് ആക്രമണം: മുഖ്യപ്രതിക്കു പരിശീലനം നൽകിയ കരസേന ജവാൻ അറസ്റ്റിൽ
Friday, April 18, 2025 2:56 AM IST
ചണ്ഡിഗഡ്: പഞ്ചാബിലെ യുട്യൂബർ റോസർ സന്ധുവിന്റെ വീട്ടിലേക്ക് ഗ്രനേഡ് ആക്രമണം നടത്തിയ മുഖ്യപ്രതിക്ക് ഓൺലൈനായി പരിശീലനം നല്കിയ കരസേനാ ജവാൻ അറസ്റ്റിലായി.
ജമ്മു കാഷ്മീരിൽ ജോലി ചെയ്യുന്ന സുഖ്ചരൺ സിംഗ് ആണ് പിടിയിലായത്. ഇയാളെ ജലന്ധർ കോടതി അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.
ഹാർദിക് കാംബോജ് ആണ് മാർച്ച് 15നു രാത്രി യുട്യൂബർ സന്ധുവിന്റെ വീട്ടിലേക്ക് ഗ്രനേഡ് എറിഞ്ഞത്. എന്നാൽ ഇതു പൊട്ടിത്തെറിച്ചില്ല. അന്വേഷണത്തിനിടെയാണ്, കാംബോജിന് ജവാൻ പരിശീലനം നല്കിയതായി കണ്ടെത്തിയത്.
കേസിൽ കാംബോജ് അടക്കം ഒന്പതു പേർ അറസ്റ്റിലായിട്ടുണ്ട്. ഗ്രനേഡ് ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാനിലെ കൊടുംകുറ്റവാളി ഷഹ്സാദ് ഭട്ടി ഏറ്റെടുത്തിരുന്നു. മുസ്ലിം സമുദായത്തെ യു ട്യൂബർ സന്ധു അവഹേളിച്ചുവെന്നാണ് ഭട്ടി ആരോപിച്ചത്.