ഭൂമി ഇടപാട് കേസ്: ചോദ്യംചെയ്യലിന് വദ്ര എത്തിയത് പ്രിയങ്കയ്ക്കൊപ്പം
Thursday, April 17, 2025 2:09 AM IST
ന്യൂഡൽഹി: ഹരിയാന ഭൂമി ഇടപാട് കേസിൽ ചോദ്യം ചെയ്യലിനായി പ്രിയങ്ക ഗാന്ധി എംപിയുടെ ഭർത്താവും ബിസിനസുകാരനുമായ റോബർട്ട് വദ്ര വീണ്ടും ഇഡി മുന്പാകെ ഹാജരായി. പ്രിയങ്ക ഗാന്ധിയോടൊപ്പം കാറിലാണ് റോബർട്ട് വദ്ര ഇന്നലെ രാവിലെ ഇഡി ഓഫീസിലെത്തിയത്.
കാറിൽനിന്നു പുറത്തിറങ്ങിയശേഷം പ്രിയങ്ക റോബർട്ടിനെ ആശ്ലേഷിക്കുകയും ചെയ്തു. ചൊവ്വാഴ്ച ആറു മണിക്കൂറിലേറെ നീണ്ടുനിന്ന ചോദ്യം ചെയ്യൽ ഇന്നലെ രണ്ടു മണിക്കൂറിലൊതുങ്ങി. അന്യായമായ സമ്മർദം മൂലമാണു താൻ അന്വേഷണത്തെ നേരിടുന്നതെന്നും സത്യം ജയിക്കുമെന്നും ചോദ്യം ചെയ്യലിനുശേഷം റോബർട്ട് പ്രതികരിച്ചു.
ജനങ്ങൾക്കുവേണ്ടി സംസാരിക്കാൻ ശ്രമിക്കുന്പോഴെല്ലാം തന്നെ നിശബ്ദനാക്കാൻ ശ്രമം നടക്കുകയാണെന്ന് ചോദ്യംചെയ്യലിനു മുന്പ് മാധ്യമപ്രവർത്തകരോടു സംസാരിക്കവെ റോബർട്ട് വദ്ര പറഞ്ഞു.
കഴിഞ്ഞ 20 വർഷത്തിനിടെ 15 തവണ ഇഡി വിളിപ്പിച്ചിട്ടുണ്ട്. എല്ലാത്തവണയും 10 മണിക്കൂറിലേറെ തവണ ചോദ്യം ചെയ്തിട്ടുമുണ്ട്.