ബിജെപി പുനഃസംഘടന; മോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു
Friday, April 18, 2025 2:56 AM IST
ന്യൂഡൽഹി: ബിജെപിയിൽ പുനഃസംഘടന വരുന്നു. ഇതിനുമുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു.
പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ബിജെപി സംഘടനാകാര്യ ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരും പങ്കെടുത്തു.
ദേശീയ പ്രസിഡന്റ് പദവിയിൽനിന്ന് ഈ മാസം അവസാനത്തോടെ പടിയിറങ്ങുന്ന ജെ.പി. നഡ്ഡയ്ക്കു പകരക്കാരനെ കണ്ടെത്തുക, ചില സംസ്ഥാനങ്ങളിൽ അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുക തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി.
കർണാടക, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ തെരഞ്ഞെടുത്തേക്കുമെന്നാണു സൂചന.
പാർട്ടി പുനഃസംഘടനയുടെ ഭാഗമായി 14 സംസ്ഥാന അധ്യക്ഷന്മാരെ ഇതുവരെ നിയമിച്ചിട്ടുണ്ടെങ്കിലും പാർട്ടി ഭരണഘടനപ്രകാരം ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുമുന്പ് 19 സംസ്ഥാനങ്ങളിൽ നേതൃമാറ്റം വേണമെന്നാണു ചട്ടം.
പുതിയ സംസ്ഥാന അധ്യക്ഷന്മാരെ തെരഞ്ഞെടുത്തതിനുശേഷം ജെ.പി. നഡ്ഡയുടെ പകരക്കാരനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഈയാഴ്ചതന്നെ പ്രഖ്യാപിക്കുമെന്നുമാണ് വിവരം. അങ്ങനെയാണെങ്കിൽ ഈ മാസം അവസാനംതന്നെ ബിജെപിക്ക് പുതിയ ദേശീയ അധ്യക്ഷനെ ലഭിക്കും.
2020ലാണ് നഡ്ഡ ദേശീയ അധ്യക്ഷനായതെങ്കിലും അഞ്ചു വർഷത്തേക്ക് അദ്ദേഹംതന്നെ പദവിയിൽ തുടർന്നു. പാർട്ടി നിയമമനുസരിച്ച് മൂന്നുവർഷ കാലമാണ് ഒരു നേതാവിന് പാർട്ടിയുടെ അധ്യക്ഷപദവി അലങ്കരിക്കാൻ കഴിയുക.