ഭാഷ വിഭജനത്തിനു കാരണമാകരുത്: സുപ്രീംകോടതി
Thursday, April 17, 2025 2:09 AM IST
ന്യൂഡൽഹി: ഭാഷ വിഭജനത്തിനു കാരണമാകരുതെന്നും രാജ്യത്തിന്റെ ഭാഷാവൈവിധ്യത്തെ വിലമതിക്കണമെന്നും സുപ്രീംകോടതി. മഹാരാഷ്ട്രയിലെ ഒരു മുനിസിപ്പാലിറ്റിയുടെ സൈൻബോർഡിൽ ഉറുദു ഉപയോഗിക്കുന്നതിനെതിരേയുള്ള ഹർജികൾ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിർദേശം.
ഉറുദുവിനെ ഒരു പ്രത്യേക മതത്തിന്റെ ഭാഷയായി കണക്കാക്കുന്നത് യാഥാർഥ്യത്തിൽനിന്നുള്ള വ്യതിചലനമാണെന്ന് ജസ്റ്റീസുമാരായ സുധാൻഷു ധൂലിയ, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഭാഷ ഒരു സമൂഹത്തിനും ഒരു പ്രദേശത്തിനും ജനങ്ങൾക്കും അവകാശപ്പെട്ടതാണ്. ഒരു മതത്തിനും വേണ്ടിയുള്ളതല്ലെന്നും കോടതി നിരീക്ഷിച്ചു.
മഹാരാഷ്ട്രയിലെ തദ്ദേശ സ്ഥാപനങ്ങൾ ഉറുദു ഉപയോഗിക്കുന്നത് ഏതെങ്കിലും നിയമപ്രകാരം വിലക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനെതിരേ മുൻ കൗണ്സിലറാണു സുപ്രീംകോടതിയെ സമീപിച്ചത്.