പൊന്മുടിക്കെതിരേ കേസെടുക്കാൻ നിർദേശിച്ച് മദ്രാസ് ഹൈക്കോടതി
Friday, April 18, 2025 2:56 AM IST
ചെന്നൈ: വിവാദ പരാമർശത്തിൽ തമിഴ്നാട് വനംമന്ത്രി കെ. പൊന്മുടിക്കെതിരേ കേസെടുക്കാൻ നിർദേശിച്ച് മദ്രാസ് ഹൈക്കോടതി.
മുതിർന്ന ഡിഎംകെ നേതാവുകൂടിയായ പൊന്മുടിക്കെതിരേ കേസെടുക്കാൻ പോലീസ് തയാറായില്ലെങ്കിൽ കോടതിയലക്ഷ്യത്തിനു നടപടിയുണ്ടാകുമെന്നും കോടതി ഓർമിപ്പിച്ചു. പരാതി ലഭിച്ചിട്ടില്ലെങ്കിലും കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ജസ്റ്റീസ് എൻ. ആനന്ദ് വെങ്കിടേഷിന്റെ ബെഞ്ച് ഉത്തരവിട്ടു.
ശൈവ-വൈഷ്ണവ വിഭാഗങ്ങളെ ലൈംഗിക തൊഴിലാളികളുമായി ബന്ധപ്പെടുത്തി പൊന്മുടി നടത്തിയ പരാമർശമാണു വിവാദമായത്. കനിമൊഴി ഉൾപ്പെടെ സ്വന്തം പാർട്ടിയിൽനിന്നുപോലും പൊന്മുടിക്കെതിരേ വിമർശം ഉയർന്നിരുന്നു. ഇതിനു പിന്നാലെ പാർട്ടി പദവികളിൽനിന്നു പൊന്മുടിയെ സ്റ്റാലിൻ നീക്കുകയും ചെയ്തു.