ബിജെപിയുമായി ചേർന്ന് സർക്കാരിനില്ല: അണ്ണാ ഡിഎംകെ
Thursday, April 17, 2025 2:09 AM IST
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിനായി തമിഴ്നാട്ടിൽ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കിയ ബിജെപിക്കു തുടക്കത്തിലേ തിരിച്ചടി.
തെരഞ്ഞെടുപ്പിനു മാത്രമായാണു സഖ്യമെന്നും ബിജെപിക്കൊപ്പം സഖ്യകക്ഷി സർക്കാർ സാധ്യമല്ലെന്നും പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി പ്രഖ്യാപിച്ചു. നിയമസഭയിൽ വോക്കൗട്ടിനുശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു പളനിസ്വാമി.
പളനിസ്വാമിയുടെ നേതൃത്വത്തിൽ സഖ്യസർക്കാർ നിലവിൽ വരുമെന്ന ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ പരാമർശം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സഖ്യസർക്കാരിനെക്കുറിച്ച് അമിത് ഷാ പറഞ്ഞിട്ടേയില്ലെന്നായിരുന്നു മറുപടി. കേന്ദ്രത്തിൽ എൻഡിഎയെ നരേന്ദ്രമോദിയും തമിഴ്നാട്ടിൽ സഖ്യത്തെ ഞാനും നയിക്കുമെന്നാണ് അമിത് ഷാ പറഞ്ഞത്- പളനിസ്വാമി വിശദീകരിച്ചു.
ബിജെപിയുമായുള്ള സഖ്യത്തിൽ പാർട്ടിക്കുള്ളിൽ അഭിപ്രായവ്യത്യാസം ഉയർന്നതോടെയാണു നിലപാടു മാറ്റം. 2019 നിയമസഭാ തെരഞ്ഞെടുപ്പിലും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും സഖ്യം ഫലപ്രദമായിരുന്നില്ല.
വഖഫ് ഉൾപ്പെടെ പ്രശ്നങ്ങളിൽ ബിജെപിക്കെതിരേ രോഷം തുടരുന്ന സാഹചര്യത്തിൽ ന്യൂനപക്ഷ വോട്ടുകൾ കൈവിട്ടുപോകുമോ എന്ന ആശങ്കയും അണ്ണാ ഡിഎംകെ നേതൃത്വത്തിനുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും ഒന്നിച്ചു മത്സരിക്കുമെന്നു കഴിഞ്ഞയാഴ്ചയാണു പളനിസ്വാമിയെ സാക്ഷിനിർത്തി അമിത് ഷാ പ്രഖ്യാപിച്ചത്.