ഇഡി കുറ്റപത്രത്തിൽ പ്രതിഷേധം; മാർച്ച് നടത്തിയ കോണ്ഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്തു
Thursday, April 17, 2025 2:09 AM IST
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിലെ ഇഡി കുറ്റപത്രത്തിൽ പ്രതിഷേധിച്ചു മാർച്ച് നടത്തിയ കോണ്ഗ്രസ് നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു.
കോണ്ഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കെതിരേയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേയും ഇഡി സമർപ്പിച്ച കുറ്റപത്രം രാഷ്ട്രീയപ്രേരിതമാണെന്നാരോപിച്ച് 24 അക്ബർ റോഡിലെ എഐസിസി ആസ്ഥാനത്തുനിന്ന് ഇഡി ആസ്ഥാനത്തേക്ക് കോണ്ഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് തടഞ്ഞാണ് പോലീസ് നടപടി.
പോലീസ് കസ്റ്റഡിയിലായവരിൽ ഡൽഹി കോണ്ഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവും കോണ്ഗ്രസ് വക്താവ് ഷമ മുഹമ്മദും ഉൾപ്പെടുന്നു. ഇഡി ആസ്ഥാനത്തേക്കുള്ള മാർച്ച് എഐസിസി ആസ്ഥാനത്തിനു മുന്പിൽ ബാരിക്കേഡുകൾ നിരത്തി പോലീസ് തടയുകയായിരുന്നു. ബാരിക്കേഡുകൾ ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകരിൽ പലരെയും വലിച്ചിഴച്ചാണു പോലീസ് കസ്റ്റഡിയിലെടുത്തത്.
കോണ്ഗ്രസ് നേതാവും രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ്, കോണ്ഗ്രസ് ന്യൂനപക്ഷ സെൽ ചെയർമാൻ ഇമ്രാൻ പ്രതാപ്ഗർഹി, കോണ്ഗ്രസ് വക്താവ് സുപ്രിയ ശ്രിനാതെ തുടങ്ങിയ നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു.
പണമിടപാടുകളോ സ്വത്തുകൈമാറ്റമോ നടന്നിട്ടില്ലെന്നും ഈ കേസ് കുറേ നാളായി നിലനിൽക്കുന്നുവെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. ഗുജറാത്തിൽ തങ്ങളുടെ പാർട്ടി വീണ്ടെടുക്കലിന്റെ പാതയിലാണെന്നും ഇതിൽ ഭയപ്പെട്ട ബിജെപി ഇഡിയെ ദുരുപയോഗിക്കുകയാണെന്നും സച്ചിൻ ആരോപിച്ചു.
അതിനിടെ, കോണ്ഗ്രസിന് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും എന്നാൽ ഭൂമിയും പൊതുഫണ്ടുകളും കൊള്ളയടിക്കാൻ അവകാശമില്ലെന്നും ബിജെപി ദേശീയ വക്താവും മുൻ മന്ത്രിയുമായ രവിശങ്കർ പ്രസാദ് തിരിച്ചടിച്ചു. ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ കോണ്ഗ്രസ് പ്രതിഷേധങ്ങളെ ഉപയോഗിക്കുകയാണെന്നും രവിശങ്കർ പറഞ്ഞു.