രാഷ്ട്രപതിക്കും സമയപരിധി!; മൂന്നു മാസത്തിനകം ബില്ലുകളിൽ തീരുമാനമെടുക്കണം
Sunday, April 13, 2025 2:17 AM IST
സീനോ സാജു
ന്യൂഡൽഹി: സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകളിന്മേൽ രാഷ്ട്രപതി മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. ഗവർണർമാർ പരിഗണനയ്ക്കായി അയയ്ക്കുന്ന ബില്ലുകളിൽ രാഷ്ട്രപതിക്ക് ഇതാദ്യമായാണു സുപ്രീംകോടതി സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.
രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി ഗവർണർ ബില്ലുകൾ അയയ്ക്കുന്ന ദിവസം സമയപരിധി ആരംഭിക്കും. മൂന്നു മാസത്തിനകം തീരുമാനമെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ കൃത്യമായ കാരണങ്ങൾ രേഖപ്പെടുത്തി അതത് സംസ്ഥാനങ്ങളെ അറിയിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ തടഞ്ഞുവയ്ക്കാനുള്ള അധികാരം ഗവർണർമാർക്ക് ഭരണഘടന നൽകുന്നില്ലെന്ന ഏപ്രിൽ എട്ടിലെ സുപ്രധാന സുപ്രീംകോടതി വിധിയുടെ വിശദമായ വിധിപ്പകർപ്പ് കഴിഞ്ഞദിവസം സുപ്രീംകോടതി വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തതിലൂടെയാണ് ബില്ലുകളിൽ തീരുമാനമെടുക്കുന്നതിൽ രാഷ്ട്രപതിക്കും പരമോന്നത കോടതി സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നു വ്യക്തമായത്.
തമിഴ്നാട് സർക്കാരും ഗവർണറും തമ്മിലെ കേസിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 201 പ്രകാരമുള്ള രാഷ്ട്രപതിയുടെ അധികാര രൂപരേഖയും ജസ്റ്റീസുമാരായ ജെ.ബി. പർദിവാലയും ആർ. മഹാദേവനും അടങ്ങുന്ന ബെഞ്ച് നിർവചിച്ചു.
ആർട്ടിക്കിൾ 201ൽ ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ മൂന്നുമാസ സമയപരിധി നിശ്ചയിക്കുന്ന ഉന്നത കോടതി വിധി നിർണായകമാണ്.
ആർട്ടിക്കിൾ 201 പ്രകാരം ഗവർണർ ബില്ലുകൾ പരിഗണനയ്ക്ക് അയച്ചതിനുശേഷം രാഷ്ട്രപതി ബില്ലിന് അംഗീകാരം നൽകുകയോ അല്ലെങ്കിൽ അംഗീകാരം തടഞ്ഞുവയ്ക്കുകയോ ചെയ്യുമെന്ന് പ്രഖ്യാപിക്കേണ്ടതാണെന്ന് മേൽക്കോടതി വ്യക്തമാക്കി. രാഷ്ട്രപതിക്ക് "പോക്കറ്റ് വീറ്റോ’ അധികാരമില്ലെന്ന് കോടതി അടിവരയിട്ടു പറഞ്ഞു.
ആർട്ടിക്കിൾ 201 പ്രകാരമുള്ള രാഷ്ട്രപതിയുടെ തീരുമാനങ്ങൾ ജുഡീഷൽ അവലോകനത്തിനു വിധേയമാണെന്നും കോടതി നിരീക്ഷിച്ചു. ഭരണഘടനാപരമായ അധികാരസ്ഥാനത്തുള്ളവർ ഒരു നിശ്ചിത സമയത്തിനുള്ളിൽ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചില്ലെങ്കിൽ അത്തരം കേസുകളിൽ ഇടപെടാനുള്ള അധികാരം സുപ്രീംകോടതിക്കുണ്ടെന്ന് വിധിന്യായത്തിൽ ന്യായാധിപന്മാർ വ്യക്തമാക്കുന്നുണ്ട്.
ഗവർണർ ഒരു ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടുകയും രാഷ്ട്രപതി അതിന്മേൽ തീരുമാനമെടുക്കാതെ തടഞ്ഞുവയ്ക്കുകയും ചെയ്താൽ സംസ്ഥാന സർക്കാരിന് അത്തരം നടപടികൾ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യാമെന്നും ബെഞ്ച് വ്യക്തമാക്കി.
ബില്ലുകളിൽ തീരുമാനമെടുക്കാത്തതിനാൽ ഗവർണർക്കും രാഷ്ട്രപതിക്കുമെതിരേ കേരള സർക്കാർ നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാൽ രാഷ്ട്രപതിയുടെ അധികാരങ്ങളെ നിർവചിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി കേരളത്തിനു പ്രതീക്ഷ നൽകുന്നതാണ്.