ചോദ്യമുനയിൽ തഹാവൂർ റാണ
Saturday, April 12, 2025 2:28 AM IST
ന്യൂഡൽഹി: അമേരിക്കയിൽനിന്നു വ്യാഴാഴ്ച വൈകുന്നേരം ഡൽഹിയിലെത്തിച്ച മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതികളിലൊരാളായ തഹാവൂർ റാണയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചോദ്യംചെയ്തു തുടങ്ങി.
എൻഐഎ ആസ്ഥാനത്ത് 24 മണിക്കൂർ കാവലും പ്രത്യേക കാമറാനിരീക്ഷണവുമുള്ള പ്രത്യേക സുരക്ഷാമുറിയിലാണ് റാണയെ പാർപ്പിച്ചിരിക്കുന്നത്. ചോദ്യംചെയ്യൽ നടപടികൾ പൂർണമായും കാമറയിൽ പകർത്തുമെന്ന് എൻഐഎ വൃത്തങ്ങൾ വ്യക്തമാക്കി.
എൻഐഎ മേധാവി സദാനന്ദ് ദാതേ ഉൾപ്പെടെ റാണയെ ചോദ്യം ചെയ്യുന്ന 12 പേരടങ്ങുന്ന സംഘത്തിനു മാത്രമേ ഈ പ്രത്യേക സുരക്ഷാമുറിയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളൂ. സദാനന്ദ് ദാതേക്കു പുറമെ ഐജി ആശിഷ് ബത്ര, ഡിഐജി ജയ റോയ് എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യുന്നത്.
വ്യാഴാഴ്ച വൈകുന്നേരം 6.30ന് പ്രത്യേക സൈനികവിമാനത്തിൽ എത്തിച്ച റാണയെ നടപടികൾ പൂർത്തിയാക്കി എൻഐഎ അറസ്റ്റ് ചെയ്തു. തുടർന്ന് രാത്രി ഏറെ വൈകി ഡൽഹി പട്യാല കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള വാദം ആരംഭിച്ചു. 20 ദിവസത്തെ കസ്റ്റഡി എൻഐഎ ആവശ്യപ്പെട്ടെങ്കിലും 18 ദിവസമാണു പ്രത്യേക ജഡ്ജി ചന്ദർ ജിത് സിംഗ് അനുവദിച്ചത്.
മുംബൈക്കു പുറമെ രാജ്യത്തെ മറ്റു പ്രധാന നഗരങ്ങളിലും ആക്രമണം നടത്താൻ റാണ പദ്ധതിയിട്ടതായി അന്വേഷണ ഏജൻസി കോടതിയിൽ വ്യക്തമാക്കി. കസ്റ്റഡി അനുവദിച്ചതോടെ കമാൻഡോ സുരക്ഷയിൽ റാണയെ എൻഐഎ ആസ്ഥാനത്തേക്ക് ഇന്നലെ പുലർച്ചെ മാറ്റി. റാണയെ പാർപ്പിച്ചിരിക്കുന്ന എൻഐഎ ആസ്ഥാനത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങൾ സുരക്ഷാവലയത്തിലാണ്.
റാണയ്ക്കെതിരേ വധശിക്ഷയ്ക്ക് ആവശ്യമായ തെളിവുകൾ പക്കലുണ്ടെന്നാണ് എൻഐഎ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അമേരിക്കയുമായുള്ള കൈമാറ്റ ഉടന്പടിയിൽ വധശിക്ഷ പാടില്ലെന്ന വ്യവസ്ഥയില്ലെന്നും ഉന്നതവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
റാണയുടെ കൈമാറ്റ നടപടി പൂർത്തിയായതായി അമേരിക്കയും ഔദ്യോഗിക പ്രഖ്യാപനം നടത്തി. റാണയെ ചോദ്യം ചെയ്യുന്നതിലൂടെ മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ പങ്കാളികളുടെ പേരുകൾ പുറത്തുവരുമെന്നാണ് എൻഐഎ കരുതുന്നത്.