ബലാത്സംഗക്കൊല; സഞ്ജയ് റോയിക്ക് മരണം വരെ തടവ്
Tuesday, January 21, 2025 2:51 AM IST
കോൽക്കത്ത: ബംഗാൾ സർക്കാർ ഉടമസ്ഥതയിലുള്ള ആർജി കർ മെഡിക്കൽ കോളജിൽ വനിതാ പിജി ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതി സഞ്ജയ് റോയിക്ക് മരണം വരെ തടവുശിക്ഷ.
സിയാൽദയിലെ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി അനിർബർ ദാസ് ആണ് ശിക്ഷ വിധിച്ചത്. പെൺകുട്ടികളുടെ സുരക്ഷ സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നു കോടതി വ്യക്തമാക്കി.
കേസ് അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കാനിവില്ലെന്ന്, പ്രതിക്കു വധശിക്ഷ നല്കണമെന്ന ആവശ്യം നിരാകരിച്ച് കോടതി പറഞ്ഞു. പ്രതി സഞ്ജയ് റോയി കുറ്റക്കാരനാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു.
2024 ഓഗസ്റ്റ് ഒന്പതിനാണു പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനിയെ ആർജി കർ ആശുപത്രിയുടെ മൂന്നാം നിലയിലെ സെമിനാർ ഹാളിലായിരുന്നു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സെമിനാർ ഹാളിൽ ഉറങ്ങുകയായിരുന്ന ഡോക്ടറെ പ്രതി ലൈംഗികമായി ആക്രമിച്ചു. ഡോക്ടർ ഇതു ചെറുത്തതോടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൽക്കട്ട ഹൈക്കോടതി ഉത്തരവുപ്രകാരം സിബിഐയാണു കേസ് അന്വേഷിച്ചത്.
പ്രതി 50,000 രൂപ പിഴയൊടുക്കണം. കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് 17 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ കോടതി സംസ്ഥാന സർക്കാരിനോടു നിർദേശിച്ചു.
മരണത്തിനു പത്തു ലക്ഷം രൂപയും ബലാത്സംഗത്തിനിരയായതിന് ഏഴു ലക്ഷം രൂപയുമാണ് നഷ്ടപരിഹാരം. എന്നാൽ, നഷ്ടപരിഹാരം വേണ്ടെന്നു ഡോക്ടറുടെ പിതാവ് അറിയിച്ചു. കേസിലെ മറ്റു പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതുവരെ പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.