ഉള്ളാൾ ബാങ്ക് കവർച്ച: മൂന്നു പേർ പിടിയിൽ
Tuesday, January 21, 2025 2:30 AM IST
മംഗളൂരു: ഉള്ളാൾ കെസി റോഡിലെ സഹകരണബാങ്ക് ശാഖയിൽനിന്ന് 12 കോടിയിലേറെ രൂപയുടെ സ്വർണവും പണവും കവർന്ന സംഘത്തിലെ മൂന്നു പേർ തമിഴ്നാട്ടിൽ പിടിയിൽ.
മുരുഗാണ്ടി തേവർ, യോസുവ രാജേന്ദ്രൻ എന്ന പ്രകാശ് (35), മണിവണ്ണൻ(36) എന്നിവരെയാണു തിരുനെൽവേലിക്കു സമീപം പത്മനേരി ഗ്രാമത്തിൽനിന്നു കർണാടക പോലീസ് പിടികൂടിയത്. കവർച്ചാസംഘം ഉപയോഗിച്ച ഫിയറ്റ് കാറും രണ്ട് പിസ്റ്റളുകളും വടിവാളുകളും കവർച്ച ചെയ്ത മുതലിന്റെ ഒരു ഭാഗവും ഇവരുടെ പക്കൽനിന്ന് കണ്ടെടുത്തു.
മുംബൈയിലെ ധാരാവി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തമിഴ്നാട്ടുകാർ ഉൾപ്പെട്ട സംഘമാണ് കവർച്ചയ്ക്കു പിന്നിലെന്ന് മംഗളൂരു പോലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞു.
ബാങ്കിനകത്തുവച്ച് ഇവർ ഹിന്ദിയിൽ സംസാരിച്ചതും പിന്നീട് കാർ കേരള അതിർത്തിയിലൂടെ തിരിച്ചുവിട്ടതും അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങളായിരുന്നു. മൂന്നു കാറുകളിൽ എത്തിയ സംഘം കവർച്ചയ്ക്കു ശേഷം പലവഴിക്കായി പിരിയുകയായിരുന്നു.
നേരായ വഴികൾ ഉപയോഗിക്കാതെ ചുറ്റിത്തിരിഞ്ഞാണ് ലക്ഷ്യസ്ഥാനങ്ങളിലെത്തിയത്. തിരുനെൽവേലിയിലെത്തിയ സംഘമാണ് ഇപ്പോൾ പിടിയിലായത്. മറ്റുള്ളവർ ധാരാവിയിലേക്കു കടന്നതായാണു സംശയിക്കുന്നത്.
ഇവർക്കുവേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ആയുധധാരികളായെത്തിയ ആറംഗ സംഘം ബാങ്ക് ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തി സ്വർണവും പണവും കവർന്നത്.