മെഡിക്കൽ ഇതര ബിരുദധാരികൾക്ക് മെഡി. വിദ്യാർഥികളെ പഠിപ്പിക്കാം: എൻഎംസി
Tuesday, January 21, 2025 2:51 AM IST
ന്യൂഡൽഹി: മെഡിക്കൽ ഇതര ബിരുദധാരികൾക്ക് മെഡിക്കൽ വിദ്യാർഥികളെ പഠിപ്പിക്കാൻ കഴിയുമെന്ന രണ്ടുവർഷം പഴക്കമുള്ള വ്യവസ്ഥ നിലനിർത്തി ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി).
മെഡിക്കൽ സ്ഥാപനങ്ങളിൽ അധ്യാപനത്തിനായുള്ള കരട് നിയമങ്ങളിലാണ് വിവാദ വ്യവസ്ഥ എൻഎംസി നിലനിർത്തിയത്. കരട് നിയമപ്രകാരം എംഎസ്സി, പിഎച്ച്ഡി യോഗ്യതയുള്ള മെഡിക്കൽ ഇതര ബിരുദധാരികൾക്ക് മെഡിക്കൽ വിദ്യാർഥികളെ അനാട്ടമി, ബയോകെമിസ്ട്രി, ഫിസിയോളജി എന്നീ വിഷയങ്ങൾ പഠിപ്പിക്കാൻ സാധിക്കും.
എൻഎംസിയുടെ കരട് നിയമപ്രകാരം മെഡിക്കൽ അധ്യാപനത്തിന് അർഹരായ മെഡിക്കൽ ഇതര ബിരുദധാരികൾക്ക് അനാട്ടമി, ബയോകെമിസ്ട്രി, ഫിസിയോളജി എന്നീ വിഷയങ്ങളിൽ നിശ്ചിതകാലത്തേക്ക് സീനിയർ റസിഡന്റ്, അസിസ്റ്റന്റ് പ്രഫസർ തുടങ്ങിയ ഉന്നത പദവികളും നൽകുന്നുണ്ട്.
അനാട്ടമി പോലുള്ള സ്പെഷലിസ്റ്റ് വിഷയങ്ങൾ പഠിപ്പിക്കാനുള്ള മതിയായ അധ്യാപകർ ലഭ്യമല്ലെങ്കിൽ ആ വിഷയം പഠിപ്പിക്കാൻ യോഗ്യതയുള്ള മെഡിക്കൽ ഇതര ബിരുദധാരികളെ ഫാക്കൽറ്റിയിൽ ഉൾപ്പെടുത്താമെന്നാണു വ്യവസ്ഥ. സ്പെഷലിസ്റ്റ് വിഷയങ്ങളിൽ മതിയായ അധ്യാപകർ ലഭ്യമാകുന്നതുവരെയാണ് ഇവരുടെ അധ്യാപന കാലാവധി.
മെഡിക്കൽ രംഗത്തുനിന്ന് വ്യാപക പ്രതിഷേധമുണ്ടായിട്ടും എൻഎംസി കരട് നിയമത്തിൽ വ്യവസ്ഥ നിലനിർത്തിയത് പ്രതിഷേധാർഹമാണെന്ന് വിവിധ മെഡിക്കൽ സംഘടനകൾ പ്രതികരിച്ചു. എൻഎംസിയുടെ നീക്കം അന്പരപ്പെടുത്തുന്നതാണെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പ്രതികരിച്ചത്.
നീറ്റ്-പിജി പരീക്ഷയിലൂടെ പിജി മെഡിക്കൽ കോഴ്സുകളിൽ അഡ്മിഷൻ നേടാനുള്ള മിനിമം മാർക്ക് ആദ്യം മോദിസർക്കാർ കുറച്ചെന്നും ഇപ്പോൾ മെഡിക്കൽ കോളജുകളിലെ ഫാക്കൽറ്റി നിയമനത്തിൽ ഇളവ് വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, 2014നുശേഷം രാജ്യത്ത് മെഡിക്കൽ കോളജുകളുടെ എണ്ണത്തിലും സീറ്റുകളിലും വ്യാപക വർധനയുണ്ടായിട്ടുണ്ടെന്നും ധാരാളം കോളജുകളിൽ അധ്യാപകരുടെ എണ്ണത്തിൽ വൻ കുറവുണ്ടെന്നുമാണ് എൻഎംസി അധികൃതരുടെ വിശദീകരണം.