കോൽക്കത്ത കൊലപാതകം; വിധിയിൽ അതൃപ്തരെന്ന് മാതാപിതാക്കൾ
Tuesday, January 21, 2025 2:51 AM IST
കോൽക്കത്ത: സഞ്ജയ് റോയിക്കു കോടതി നൽകിയ ജീവപര്യന്തം തടവുശിക്ഷയിൽ തങ്ങൾ തൃപ്തരല്ലെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും നീതിക്കായുള്ള പോരാട്ടം തുടരുമെന്നും ആർജി കർ ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ.
കേസിന്റെ അന്വേഷണം ആത്മാർഥതയില്ലാതെയാണ് നടത്തിയതെന്നും കുറ്റകൃത്യത്തിൽ ഉൾപ്പെട്ട പലരെയും രക്ഷപ്പെടുത്തിയെന്നും മാതാപിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമാണിതെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അവർ പറഞ്ഞു.
കേസ് നാൾവഴി
☛ 2024 ഓഗസ്റ്റ് 9: കോൽക്കത്ത ആർജി കർ ആശുപത്രി മൂന്നാം നിലയിലെ സെമിനാർ ഹാളിൽ വനിതാ പോസ്റ്റ് ഗ്വാജേറ്റ് ട്രെയിനി ഡോക്ടറുടെ മൃതദേഹം കണ്ടെത്തി.
☛ ഓഗസ്റ്റ് 10 : സിവിക് വോളന്റിയർ സഞ്ജയ് റോയ് അറസ്റ്റിൽ. കേസിലെ ഏക പ്രതി ഇയാളെന്ന് പോലീസ്.
☛ ഓഗസ്റ്റ് 12: കൊല്ലപ്പെട്ട ഡോക്ടറുടെ(31) വീട്ടിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സന്ദർശനം നടത്തി. ജൂണിയർ ഡോക്ടർമാരുടെ പ്രതിഷേധം ആളിക്കത്തി. ആർജി കർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ സന്ദീപ് ഘോഷ് രാജിവച്ചു. മണിക്കൂറുകൾക്കകം ഘോഷിന് കൽക്കട്ട നാഷണൽ മെഡിക്കൽ കോളജിലേക്കു സ്ഥലംമാറ്റം.
☛ ഓഗസ്റ്റ് 13: കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറി കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവ്. സന്ദീപ് ഘോഷിനോടു ദീർഘകാല അവധിയിൽ പ്രവേശിക്കാൻ കോടതി നിർദേശിച്ചു. പ്രതി സഞ്ജയ് റോയിയെ സിബിഐ കസ്റ്റഡിയിലെടുത്തു.
☛ ഓഗസ്റ്റ് 14: സ്ത്രീകളുടെ സുരക്ഷ ആവശ്യപ്പെട്ട് ബംഗാളിലെങ്ങും ലക്ഷക്കണക്കിനു പേരുടെ പ്രതിഷേധം. ആർജി കർ മെഡിക്കൽ കോളജിൽ ജനക്കൂട്ടം ആക്രമണം നടത്തി.
☛ ഓഗസ്റ്റ് 17: രാജ്യവ്യാപകമായി ആരോഗ്യമേഖലയിൽ 24 മണിക്കൂർ പണിമുടക്ക് നടത്താൻ ഐഎംഎ ആഹ്വാനം.
☛ ഓഗസ്റ്റ് 18: ആർജി കർ കേസ് സ്വമേധയാ ഏറ്റെടുത്ത് സുപ്രീംകോടതി.
☛ ഓഗസ്റ്റ് 20: എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിലുണ്ടായ കാലതാമസത്തിലും ആർജി കർ ആശുപത്രി തകർക്കാൻ അക്രമികളെ അനുവദിച്ചതിലും ബംഗാൾ സർക്കാരിനെതിരേ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. ഡോക്ടർമാരുടെ സുരക്ഷയ്ക്കുള്ള പ്രോട്ടോക്കോളിനു രൂപം നല്കാൻ പത്തംഗ നാഷണൽ ടാസ്ക് ഫോഴ്സ്(എൻടിഎഫ്) സുപ്രീംകോടതി രൂപം നല്കി. ആശുപത്രിയിൽ സിഐഎസ്എഫിനെ നിയോഗിക്കാനും സുപ്രീംകോടതി നിർദേശം.
☛ ഓഗസ്റ്റ് 21: ആർജി കർ ആശുപത്രിയുടെ സുരക്ഷ സിഐഎസ്എഫ് ഏറ്റെടുത്തു. ആശുപത്രിയിലുണ്ടായ ആക്രമണത്തിന്റെ പേരിൽ മൂന്നു പോലീസ് ഓഫീസർമാർക്കു സസ്പെൻഷൻ.
☛ ഓഗസ്റ്റ് 27: മുഖ്യമന്ത്രി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാർഥി സംഘടനയായ ഛത്ര സമാജ് സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. നിരവധി പേർക്കു പരിക്ക്.
☛ സെപ്റ്റംബർ 2: ആർജി കർ ആശുപത്രിയിലെ സാന്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തു.
☛ സെപ്റ്റംബർ 10: സംസ്ഥാന ആരോഗ്യവകുപ്പ് ആസ്ഥാനത്തിനു മുന്നിൽ ജൂണിയർ ഡോക്ടർമാർ ധർണ ആരംഭിച്ചു.
☛ സെപ്റ്റംബർ 14: ഡോക്ടറുടെ കൊലപാതകത്തിൽ പരാതി നല്കാൻ വൈകിയതിലും തെളിവ് നശിപ്പിക്കപ്പെട്ടതിലും സന്ദീപ് ഘോഷിനെതിരേ സിബിഐ കേസെടുത്തു. ഇതേ കേസിൽ താല പോലീസ് സ്റ്റേഷൻ ഓഫീസർ-ഇൻ-ചാർജ് അഭിജിത് മണ്ഡലിനെ സിബിഐ അറസ്റ്റ് ചെയ്തു.
☛ സെപ്റ്റംബർ 16: സമരം തുടർന്ന ജൂണിയർ ഡോക്ടർമാർ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ പ്രവർത്തനം താളംതെറ്റിയ അവസ്ഥയിലായി.
☛ സെപ്റ്റംബർ 17: കോൽക്കത്ത പോലീസ് കമ്മീഷണർ വിനീത് ഗോയലിനെ നീക്കി; മനോജ്കുമാർ വർമ പുതിയ കമ്മീഷണർ. ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസ്(ഡിഎച്ച്എസ്) ദേബാശിഷ് ഹൽദർ, മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ കൗസ്തവ് നായക്, കോൽക്കത്ത പോലീസ് നോർത്ത് ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണൽ അഭിഷേക് ഗുപ്ത എന്നിവരെ സ്ഥലംമാറ്റി.
☛ സെപ്റ്റംബർ 19: ജൂണിയർ ഡോക്ടർമാർ സമരം പിൻവലിച്ചു
☛ ഒക്ടോബർ 6: കൊല്ലപ്പെട്ട ഡോക്ടർക്കു നീതി ഉറപ്പാക്കാനായി ജൂണിയർ ഡോക്ടർമാർ മരണം വരെ നിരാഹാര സമരം ആരംഭിച്ചു.
☛ ഒക്ടോബർ 7: സഞ്ജയ് റോയിക്കെതിരേ സിബിഐ സിയാൽദ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
☛ ഒക്ടോബർ 21: മുഖ്യമന്ത്രി മമത ബാനർജിയുമായി നടത്തിയ ചർച്ചയെത്തുടർന്ന് ജൂണിയർ ഡോക്ടർമാർ 17 ദിവസത്തെ സമരം അവസാനിപ്പിച്ചു.
☛ നവംബർ 12: സിയാൽദ കോടതിയിൽ കേസിന്റെ വിചാരണ ആരംഭിച്ചു
☛ നവംബർ 29: സാന്പത്തിക ക്രമക്കേട് കേസിൽ സന്ദീപ് ഘോഷിനെതിരേ സിബിഐ കുറ്റപത്രം സമർപ്പിച്ചു.
☛ ഡിസംബർ 12: സന്ദീപ് ഘോഷിനും അഭിജിത് മണ്ഡലിനും ജാമ്യം.
☛ 2025 ജനുവരി 9: സിയാൽദ കോടതിയിൽ കേസിന്റെ വിചാരണ പൂർത്തിയായി.
☛ ജനുവരി 18: സഞ്ജയ് റോയി കുറ്റക്കാരനെന്ന് കോടതിയുടെ കണ്ടെത്തൽ.
☛ ജനുവരി20: പ്രതി സഞ്ജയ് റോയിക്ക് മരണംവരെ തടവുശിക്ഷ വിധിച്ച് കോടതി.