മുല്ലപ്പെരിയാർ ഡാം: ഫലപ്രദമായ കമ്മിറ്റി ഏതെന്നു നിർദേശിക്കാൻ സുപ്രീംകോടതി
Tuesday, January 21, 2025 2:30 AM IST
ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് മേൽനോട്ടം വഹിക്കാൻ ഫലപ്രദമായ കമ്മിറ്റി ഏതാണെന്നു വ്യക്തമാക്കാൻ കേരളത്തോടും തമിഴ്നാടിനോടും നിർദേശിച്ച് സുപ്രീംകോടതി.
സുപ്രീംകോടതി നേരത്തെ നിയോഗിച്ച കമ്മിറ്റിയാണോ അതോ ഡാം സുരക്ഷാനിയമം 2021 പ്രകാരം രൂപീകരിച്ച പുതിയ കമ്മിറ്റിയാണോ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ ഫലപ്രദമെന്നു വ്യക്തമാക്കാനാണ് ഇരു സംസ്ഥാനങ്ങളോടും കോടതി വാക്കാൽ ആവശ്യപ്പെട്ടത്.
ഡാം സുരക്ഷ നിയമപ്രകാരം രൂപീകരിച്ച കമ്മിറ്റിക്ക് അതിന്റേതായ ഉത്തരവാദിത്വം നൽകണമെന്നും കോടതി നിർദേശിച്ചു. പുതിയ നിയമത്തിനു കീഴിലുള്ള കമ്മിറ്റിക്ക് ചുമതല നൽകുകയാണെങ്കിൽ അനാവശ്യ വിഷയങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നും ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വാക്കാൽ വ്യക്തമാക്കി. കൂടുതൽ വാദം കേൾക്കാൻ കേസ് അടുത്ത മാസം 19 ലേക്ക് മാറ്റി.