സ്ത്രീസുരക്ഷ ആശങ്കാജനകം: ഗവർണർ ആനന്ദബോസ്
Tuesday, January 21, 2025 2:30 AM IST
കോൽക്കത്ത: ആർ.ജി. കർ കേസിൽ കോടതിവിധി വന്നുവെങ്കിലും ബംഗാളിൽ സ്ത്രീകളുടെ സുരക്ഷാകാര്യത്തിൽ ഇനിയും ആശങ്കയൊഴിഞ്ഞിട്ടില്ലെന്ന് ഗവർണർ ഡോ. സി.വി. ആനന്ദബോസ്.
വർധിച്ചുവരുന്ന ബലാത്സംഗങ്ങൾ, ആക്രമണങ്ങൾ, കൊലപാതകങ്ങൾ എന്നിവയെല്ലാം സമൂഹത്തെ കടുത്ത ഭീതിയിലും ആശങ്കയിലും ആഴ്ത്തുന്നുവെന്നും ഗവർണർ പറഞ്ഞു.
സമൂഹമനഃസാക്ഷിയെ പിടിച്ചുലച്ച അതിദാരുണമായ സംഭവമാണിത്. ഇത്തരം ക്രൂരകൃത്യങ്ങളെ സർക്കാരും സമൂഹവും ലാഘവ ബുദ്ധിയോടെ കൈകാര്യം ചെയ്യുന്നത് ആശാസ്യമല്ല. ഈ നില മാറണം.
സമൂഹത്തിൽ, വിശേഷിച്ച് ആശുപത്രികൾ അടക്കമുള്ള നിർണായക തൊഴിലിടങ്ങളിൽ, ഡോക്ടർമാരും നഴ്സുമാരും പാരാമെഡിക്കൽ സ്റ്റാഫും അടക്കമുള്ളവരുടെ സുരക്ഷ ഉറപ്പുവരുത്താൻ സുശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഗവർണർ പറഞ്ഞു.