പരന്തൂരിൽ ഇളയ ദളപതിയുടെ ‘കാല അരസിയൽ’; കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് വിജയ്
Tuesday, January 21, 2025 2:30 AM IST
ചെന്നൈ: പരന്തൂർ വിമാനത്താവളവിരുദ്ധ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്. നിർദിഷ്ട പദ്ധതി, പ്രദേശത്തെ 90 ശതമാനം കൃഷിഭൂമിയും ജലസ്രോതസുകളും ഇല്ലാതാക്കും. ഡിഎംകെ സർക്കാർ ജനവിരുദ്ധ സർക്കാരാണെന്നും വിജയ് ആരോപിച്ചു.
“നേരത്തേ എട്ടുവരി എക്സ്പ്രസ് വേ എതിർത്ത ഡിഎംകെ പരന്തൂർ വിമാനത്താവള പദ്ധതിയിൽ എന്തുകൊണ്ടാണ് സമാന നിലപാട് സ്വീകരിക്കാത്തത്? ഡിഎംകെയ്ക്ക് പദ്ധതിയിൽ ചില നേട്ടങ്ങളുണ്ട്. ജനങ്ങൾക്കത് മനസിലായിട്ടുണ്ട്’’- തമിഴ് സൂപ്പർ സ്റ്റാർ പറഞ്ഞു. പരന്തൂരിലെ പദ്ധതിപ്രദേശത്തിനു സമീപം പൊടവൂരിൽ തുറന്ന വാനിൽനിന്നാണ് ഇളയദളപതി സമരക്കാരെ സംബോധന ചെയ്തത്.
കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണെന്നും കർഷകരുടെ അനുഗ്രഹാശിസുകളോടെ പരന്തൂരിൽനിന്ന് തന്റെ ‘കാല അരസിയൽ’ (താഴെത്തട്ട് പ്രവർത്തനം) ആരംഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പരന്തൂർ പദ്ധതി ഉപേക്ഷിക്കണമെന്ന് വിജയ് ആവശ്യപ്പെട്ടു.
ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ ഏറ്റെടുത്ത് പാർട്ടിയുടെ താഴെത്തട്ട് പ്രവർത്തനം സംഘടിപ്പിക്കുകയോ നയിക്കുകയോ ചെയ്യാത്തതിനും ജനങ്ങളെ കാണാത്തതിനും വിജയ്ക്കെതിരേ ശക്തമായ വിമർശമാണ് സമൂഹമാധ്യമങ്ങളിലുൾപ്പെടെ ഉയരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽക്കൂടിയാണ് പരന്തൂർ സന്ദർശനം.