മാംസേതര ഉത്പന്നങ്ങൾക്കും ഹലാൽ ഏർപ്പെടുത്തുന്നത് ഞെട്ടിക്കുന്നു: സോളിസിറ്റർ ജനറൽ
Tuesday, January 21, 2025 2:30 AM IST
ന്യൂഡൽഹി: മാംസേതര ഉത്പന്നങ്ങളിൽ ഹലാൽ ഏർപ്പെടുത്തുന്നത് ഞെട്ടലുണ്ടാക്കുന്നതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ. ഇത്തരത്തിൽ ഹലാൽ സാക്ഷ്യപ്പെടുത്തിയ ഉത്പന്നങ്ങൾക്ക് രാജ്യത്ത് അമിത വില ഈടാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ മുഴുവൻ ബാധിക്കുന്ന ഈ വിഷയം സുപ്രീംകോടതി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹലാൽ സർട്ടിഫൈഡ് ഉത്പന്നങ്ങൾ ഉത്തർപ്രദേശ് സർക്കാർ നിരോധിച്ച നടപടി ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുന്പോഴായിരുന്നു സോളിസിറ്റർ ജനറൽ തന്റെ വാദം കോടതിയിൽ ഉന്നയിച്ചത്.
വിഷയത്തിൽ മാർച്ച് 24ന് കൂടുതൽ വാദം കേൾക്കുമെന്ന് ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, എ.ജി. മസീഹ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. സത്യവാങ്മൂലത്തിന്റെ പകർപ്പ് ഹർജിക്കാർ പരസ്പരം കൈമാറാനും കോടതി ആവശ്യപ്പെട്ടു.
നിലവിൽ സിമന്റിനുപോലും ഹലാൽ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഉണ്ടെന്ന് തുഷാർ മേത്ത ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ ഹലാൽ സർട്ടിഫിക്കേഷൻ ഏജൻസികൾ ലക്ഷങ്ങൾ സന്പാദിച്ചുവെന്നും മേത്ത ആരോപിച്ചു.
കേന്ദ്രസർക്കാരിന്റെ നയത്തിൽ ഹലാൽ എന്താണെന്ന് വിശദമായി നിർവചിച്ചിട്ടുണ്ടെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എം.ആർ. ഷംഷാദ് മറുപടി നൽകി.