ഏകീകൃത സിവിൽ കോഡ് അനിവാര്യം: മുൻ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ്
Tuesday, January 21, 2025 2:30 AM IST
ന്യൂഡൽഹി: രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഏകീകൃത സിവിൽ കോഡ് (യുസിസി) അനിവാര്യമാണെന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസും രാജ്യസഭാ എംപിയുമായ രഞ്ജൻ ഗൊഗോയ്.
ജനങ്ങളുമായി സമവായമുണ്ടാക്കിയശേഷം സർക്കാർ ഇതു നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആർഎസ്എസ് പ്രസിദ്ധീകരണമായ ഓർഗനൈസർ സംഘടിപ്പിച്ച സാഹിത്യ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിയമം മതങ്ങളുടെ അവകാശങ്ങൾക്ക് വിരുദ്ധമല്ല. ദത്തെടുക്കൽ, വിവാഹം, വിവാഹ മോചനം, അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളിലെല്ലാം യുസിസി സ്വാധീനം ചെലുത്തും. രാജ്യത്തെ ഒന്നിപ്പിക്കാനുള്ള മാർഗങ്ങളിൽ ഒന്നാണിത്.
രാജ്യത്ത് വൈവിധ്യമാർന്ന ആചാരങ്ങളും സന്പ്രദായങ്ങളും നിലനിൽക്കുന്നു. ഇത്തരത്തിൽ ഇത്രയധികം വ്യക്തിനിയമങ്ങൾ രാജ്യത്തിനു താങ്ങാൻ കഴിയില്ല. അതിനാൽ ഏക വ്യക്തി നിയമം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.