കേജരിവാളിന്റെ വസതിക്കു മുന്നിൽ ബുദ്ധ സന്യാസിമാരുടെയും പൂജാരിമാരുടെയും പ്രതിഷേധം
Tuesday, January 21, 2025 2:30 AM IST
ന്യൂഡൽഹി: ബുദ്ധസന്യാസിമാർക്കും പൂജാരിമാർക്കും മാസശന്പളം നല്കണമെന്നാവശ്യപ്പെട്ട് ഗുരു രവിദാസ്, വാല്മീകീ ക്ഷേത്രങ്ങളിലെ പൂജാരിമാരും സംന്യാസിമാരും കോൺഗ്രസ് നേതാവും മുൻ ലോക്സഭാംഗവുമായ ഉദിത് രാജിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.
ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയുടെ അധ്യക്ഷൻ അരവിന്ദ് കേജരിവാളിന്റെ വസതിക്കു മുന്നിലായിരുന്നു ധർണ. ജന്തർ മന്തറിൽ പോലീസ് അനുമതി നിഷേധിച്ചതിനെത്തുടർന്ന് ഫെറോസ്ഷാ റോഡിലെ കേജരിവാളിന്റെ വസതിമുന്നിലേക്കു പ്രതിഷേധം മാറ്റുകയായിരുന്നു.
ഹിന്ദു പൂജാരിമാർക്ക് ശന്പളം നല്കിയാൽ ബുദ്ധസന്യാസിമാർക്കും 18,000 രൂപ മിനിമം ശന്പളം നല്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഡൽഹിയിൽ ആം ആദ്മി പാർട്ടി അധികാരത്തിൽ തിരിച്ചെത്തിയാൽ പൂജാരി ഗ്രന്ഥി സമ്മാൻ യോജന പ്രകാരം പൂജാരിമാർക്ക് ആം ആദ്മി പാർട്ടി 18,000 രൂപ മാസശന്പളം നല്കുമെന്ന് ഡിസംബർ 30ന് കേജരിവാൾ പ്രഖ്യാപിച്ചിരുന്നു.