സെയ്ഫ് കേസ്: പ്രതി പിടിയിലായത് ബംഗ്ലാദേശിൽ ‘സേഫ്’ആകാൻ പദ്ധതിയിടുന്നതിനിടെ
Tuesday, January 21, 2025 2:30 AM IST
മുംബൈ: നടൻ സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി മുഹമ്മദ് ഷരീഫുൾ ഇസ്ലാം ഷെഹ്സാദ അറസ്റ്റിലായത് സ്വദേശമായ ബംഗ്ലാദേശിലേക്കു രക്ഷപ്പെടാൻ പദ്ധതിയിടുന്നതിനിടെയെന്ന് പോലീസ്.
ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയ ഇയാൾ വിജയ് ദാസ് എന്നപേരിലാണ് ഇവിടെ കഴിഞ്ഞിരുന്നത്. കഴിഞ്ഞ അഞ്ചു മാസമായി മുംബൈയിൽ താമസിച്ചുവരികയാണ്. ഹൗസ് കീപ്പിംഗ് ഏജൻസിയിൽ ചെറിയ ജോലികൾ ചെയ്താണ് ഇയാൾ കഴിഞ്ഞിരുന്നതെന്നും പോലീസ് പറയുന്നു.
കൃത്യത്തിനു ശേഷം പ്രതി ബാന്ദ്രയിലെ ബസ് സ്റ്റോപ്പിൽ രാവിലെ ഏഴുവരെ കിടന്നുറങ്ങിയതായി പോലീസ് പറഞ്ഞു. പട്വർധൻ ഗാർഡനിനടുത്തുള്ള ബസ് സ്റ്റോപ്പിലാണ് ഇയാൾ വിശ്രമിച്ചത്.
പിന്നീട് ട്രെയിനിൽ സെൻട്രൽ മുംബൈയിലെ വർളിയിലെത്തി. പോലീസിൽനിന്നു രക്ഷപ്പെടാൻ ഇടയ്ക്ക് വസ്ത്രം മാറി. എന്നാൽ, പ്രതിയുടെ ബാഗ് സിസിടിവിയിലൂടെ മനസിലാക്കിയ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
ലേബർ ക്യാംപിൽനിന്നു ലഭിച്ച പ്രതിയുടെ ഫോൺ നന്പറും ഓൺലൈൻ ഇടപാടുകളും പ്രതിയിലേക്കെത്താൻ സഹായിച്ചെന്ന് പോലീസ് പറഞ്ഞു. മുംബൈ ബാന്ദ്രയിലെ സത്ഗുരു ശരൺ അപ്പാർട്ട്മെന്റിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു നടന് കുത്തേറ്റത്.
മുംബൈയിലെ ലീലാവതി ആശുപ്രതിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ താരം അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.