പത്തനംതിട്ട കൂട്ടബലാത്സംഗം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
Tuesday, January 21, 2025 2:30 AM IST
ന്യൂഡൽഹി: പത്തനംതിട്ട ജില്ലയിൽ കായികതാരമായ ദളിത് പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കമ്മീഷൻ നോട്ടീസ് അയച്ചു.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഇപ്പോൾ 18 വയസുള്ള പെണ്‍കുട്ടിയെ നിരവധി പേർ വർഷങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിലെ 59 പ്രതികളിൽ 57 പേരെയും കേരള പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.
കേസിലെ എഫ്ഐആറിന്റെ നില, പെണ്‍കുട്ടിയുടെ ആരോഗ്യം, വൈദ്യപരിചരണം, കൗണ്‍സലിംഗ്, നഷ്ടപരിഹാരം എന്നിവയുൾപ്പെടുന്ന റിപ്പോർട്ട് നൽകാനാണ് സംസ്ഥാന സർക്കാരിനു നിർദേശം നൽകിയത്. മാധ്യമ റിപ്പോർട്ടുകളിലെ ഉള്ളടക്കം ശരിയാണെങ്കിൽ ഇരയായ പെണ്‍കുട്ടിയുടെ മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നമുണ്ടെന്ന് കമ്മീഷൻ നിരീക്ഷിച്ചു.