രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് സ്റ്റേ ചെയ്തു
Tuesday, January 21, 2025 2:51 AM IST
ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസിൽ വിചാരണക്കോടതി നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരേ അപകീർത്തി പരാമർശം നടത്തിയെന്നാരോപിച്ചു ബിജെപി നേതാവ് നവീൻ ഝാ നൽകിയ പരാതിയിലെ തുടർനടപടികളാണ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് സ്റ്റേ ചെയ്തത്.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു രാഹുൽ സമർപ്പിച്ച ഹർജിയിൽ ജാർഖണ്ഡ് സർക്കാരിന്റെയും പരാതിക്കാരന്റെയും പ്രതികരണം സുപ്രീംകോടതി തേടി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുമുന്പ് അന്നത്തെ ബിജെപി ദേശീയ അധ്യക്ഷൻകൂടിയായിരുന്ന അമിത് ഷായെ രാഹുൽ കൊലപാതകിയെന്നു വിളിച്ചതായി ആരോപിച്ചാണു പരാതിക്കാരനായ ഝാ കോടതിയെ സമീപിച്ചത്.
കേസിൽ പരാതി നൽകിയത് മൂന്നാമതൊരാളാണെന്നും മാനനഷ്ടക്കേസിൽ ഇത് അനുവദനീയമല്ലെന്നും രാഹുലിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി കോടതിയിൽ ചൂണ്ടിക്കാട്ടി.
ജാർഖണ്ഡിലെ ചൈബാസയിൽ 2018 മാർച്ച് 18 ന് നടന്ന കോണ്ഗ്രസ് പ്ലീനറി സമ്മേളനത്തിനിടെയായിരുന്നു രാഹുലിന്റെ പരാമർശമെന്നായിരുന്നു ഝാ പരാതിയിൽ ആരോപിച്ചത്.