വഖഫ് ഭേദഗതി ബിൽ ബജറ്റ് സമ്മേളനത്തിൽ
Tuesday, January 21, 2025 2:30 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഈ മാസം 31ന് തുടങ്ങി രണ്ടു ഘട്ടമായി ഏപ്രിൽ നാലു വരെ നടക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ വഖഫ് ഭേദഗതി ബിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ചേക്കും. വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ചുള്ള സംയുക്ത പാർലമെന്ററി സമിതി (ജെപിസി) റിപ്പോർട്ട്
ന്യൂഡൽഹി: ഈ മാസം 31ന് തുടങ്ങി രണ്ടു ഘട്ടമായി ഏപ്രിൽ നാലു വരെ നടക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ വഖഫ് ഭേദഗതി ബിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ചേക്കും. വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ചുള്ള സംയുക്ത പാർലമെന്ററി സമിതി (ജെപിസി) റിപ്പോർട്ട്
രണ്ടോ മൂന്നോ ആഴ്ചകൾക്കകം അന്തിമരൂപം നൽകി പാർലമെന്റിൽ സമർപ്പിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി ജെപിസി ചെയർമാൻ ജഗദംബിക പാൽ വ്യക്തമാക്കി. റിപ്പോർട്ട് ഇനി വൈകിക്കാനാകില്ലെന്നും കൂടുതൽ ചർച്ചകൾ ഉണ്ടായേക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സംയുക്ത പാർലമെന്ററി സമിതി വിപുലമായ കൂടിയാലോചനകൾ നടത്തിയിട്ടുണ്ട്. കേരളത്തിലെ മുനന്പം വിഷയത്തിൽ സമവായമുണ്ടാക്കുന്നതിന് പങ്കാളികളുമായും പാർട്ടികളുമായും മറ്റു സംഘടനകളുമായും ചർച്ച നടത്തി.
അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദമുഖങ്ങൾ പരിഗണിച്ചാകും അന്തിമ റിപ്പോർട്ട് പാർലമെന്റിനു സമർപ്പിക്കുക. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽത്തന്നെ വഖഫ് ഭേദഗതി ബിൽ ഇരുസഭകളിലും പാസാക്കാമായിരുന്നു. എന്നാൽ സുതാര്യതയും സമഗ്രമായ റിപ്പോർട്ടും ഉറപ്പാക്കുന്നതിനാണ് മുൻഗണന നൽകിയതെന്ന് ജെപിസി ചെയർമാൻ പറഞ്ഞു.
വിശദമായ ചർച്ച ആവശ്യമാണെന്നുള്ള കോണ്ഗ്രസ് അടക്കമുള്ള പാർട്ടികളുടെയും മുസ്ലിം വിഭാഗങ്ങളുടെയും ആവശ്യം പരിഗണിച്ചാണ് ജെപിസിയുടെ കാലാവധി നീട്ടിയത്. ബജറ്റ് സമ്മേളനത്തിൽത്തന്നെ വഖഫ് ഭേദഗതി ബിൽ അവതരിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ കേന്ദ്രസർക്കാർ നടത്തിവരികയാണ് -ജഗദംബിക പാൽ പറഞ്ഞു.
വഖഫ് സ്വത്തുക്കളുടെ ഭരണം കാര്യക്ഷമമാക്കുകയും സുതാര്യത വർധിപ്പിക്കുകയുമാണ് ബില്ലിന്റെ ലക്ഷ്യമെന്ന് കേന്ദ്രസർക്കാർ അവകാശപ്പെട്ടു. വഖഫ് നിയമം നവീകരിക്കാനും ഭരണത്തിലെ പഴുതുകൾ പരിഹരിക്കാനുമാണ് ഭേദഗതികളെന്നും സർക്കാർ പറയുന്നു.
എന്നാൽ കോണ്ഗ്രസ്, സിപിഎം അടക്കമുള്ള പ്രതിപക്ഷപാർട്ടികൾ ഭേദഗതി ബില്ലിനെ ജെപിസിയിലും പാർലമെന്റിലും എതിർക്കുകയാണ്. നിർദിഷ്ട മാറ്റങ്ങൾ വഖഫ് ബോർഡുകളുടെയും കമ്യൂണിറ്റി അസറ്റ് മാനേജ്മെന്റിന്റെയും സ്വയംഭരണത്തെ ബാധിച്ചേക്കാമെന്ന് പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നു.