അതിർത്തിവേലിയിലെ അതൃപ്തി; ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ
Tuesday, January 14, 2025 3:08 AM IST
ന്യൂഡൽഹി: അതിർത്തിയിൽ അഞ്ചിടത്തായി 4,156 കിലോമീറ്റർ നീളത്തിൽ വേലി നിർമിക്കാൻ ഇന്ത്യ ശ്രമിക്കുന്നുവെന്ന ബംഗ്ലാദേശിന്റെ ആരോപണത്തെത്തുടർന്ന് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളാകുന്നു.
വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യൻ സ്ഥാനപതി പ്രണയ് വർമയെ ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തിയതിനു പിന്നാലെ ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ നൂറൽ ഇസ്ലാമിനെ ഇന്നലെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. അതിർത്തിയിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഉഭയകക്ഷി കരാറിന്റെ ലംഘനമാണ് ഇന്ത്യയുടെ നീക്കമെന്നായിരുന്നു ബംഗ്ലാദേശ് സർക്കാരിന്റെ ആരോപണം.
മുൻ സർക്കാർ ഒപ്പുവച്ച അസന്തുലിതമായ കരാറുകൾ കാരണം ബംഗ്ലാദേശ്- ഇന്ത്യ അതിർത്തിയിൽ നിരവധി പ്രശ്നങ്ങൾ ഉയർന്നുവന്നിട്ടുണ്ടെന്ന് ബംഗ്ലാദേശ് ആഭ്യന്തരകാര്യ ഉപദേഷ്ടാവ് ലഫ്. ജനറൽ ജഹാംഗീർ ആലം ചൗധരി ആരോപിച്ചിരുന്നു.
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ഇന്ത്യൻ അതിർത്തി സുരക്ഷാസേനയുടെ (ബിഎസ്എഫ്) ഇടപെടലിൽ ആശങ്ക പ്രകടിപ്പിച്ചാണു ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമയെ ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി എം.ഡി. ജാഷിം ഞായറാഴ്ച വിളിച്ചുവരുത്തി വിശദീകരണം തേടിയത്.
ഇന്ത്യയുടെ ഈ നീക്കം ഉഭയകക്ഷി കരാറിന്റെ ലംഘനമാണെന്ന് ബംഗ്ലാദേശ് ചൂണ്ടിക്കാട്ടി. എന്നാൽ, അതിർത്തി സുരക്ഷിതമാക്കാനും കള്ളക്കടത്ത്, കുറ്റകൃത്യങ്ങൾ തുടങ്ങിയവയെ ചെറുക്കാനും രാജ്യം പ്രതിജ്ഞാബദ്ധമാണെന്നായിരുന്നു ഇന്ത്യ നൽകിയ വിശദീകരണം.
സുരക്ഷയ്ക്കായി അതിർത്തിയിൽ വേലി കെട്ടുന്നതു സംബന്ധിച്ച് ഇന്ത്യക്കും ബംഗ്ലാദേശിനും ധാരണയുണ്ടെന്നും ബിഎസ്എഫും ബംഗ്ലാദേശ് അതിർത്തി സുരക്ഷാസേനയായ ബോർഡർ ഗാർഡ് ബംഗ്ലാദേശും (ബിജിബി) ഈ വിഷയത്തിൽ ആശയവിനിമയം നടത്തുന്നുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി. ഷെയ്ഖ് ഹസീന സർക്കാരിന്റെ വീഴ്ചയോടെ ബംഗ്ലാദേശുമായുള്ള ബന്ധത്തിലുണ്ടായ വിള്ളലിന്റെ തുടർച്ചയാണ് പുതിയ സംഭവവികാസങ്ങൾ.