സിഎജി റിപ്പോർട്ട് വൈകിച്ചു; എഎപി സർക്കാരിന് ഹൈക്കോടതി വിമർശനം
Tuesday, January 14, 2025 2:01 AM IST
ന്യൂഡൽഹി: കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട് നിയമസഭയിൽ വയ്ക്കാതിരുന്ന ഡൽഹി സർക്കാരിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ച് ഡൽഹി ഹൈക്കോടതി.
ഡൽഹി ലഫ്. ഗവർണർ വി.കെ. സക്സേനയ്ക്ക് സിഎജി റിപ്പോർട്ടുകൾ അയയ്ക്കുന്നതിൽ ഡൽഹി സർക്കാർ കാലതാമസം വരുത്തിയതും റിപ്പോർട്ട് സർക്കാർ കൈകാര്യം ചെയ്ത രീതിയും ആം ആദ്മി പാർട്ടിയുടെ സത്യസന്ധതയെക്കുറിച്ച് സംശയം ഉയർത്തുന്നതായി ജസ്റ്റീസ് സച്ചിൻ ദത്തയുടെ ബെഞ്ച് അഭിപ്രായപ്പെട്ടു.
റിപ്പോർട്ടുകൾ സ്പീക്കർക്കു കൈമാറുകയും സഭയിൽ ചർച്ചയ്ക്കു വിധേയമാക്കുകയും ചെയ്യണമായിരുന്നുവെന്നും കോടതി വ്യക്തമാക്കി. നിയമസഭാ സമ്മേളനം നടക്കാതിരിക്കാൻ ആം ആദ്മി സർക്കാർ മനഃപൂർവം വൈകിച്ചുവെന്നതു വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎമാർ സമർപ്പിച്ച ഹർജി പരിഗണിച്ച ബെഞ്ച്, തെരഞ്ഞെടുപ്പും തീയതിയും ഇതിനകം പ്രഖ്യാപിച്ചതിനാൽ പ്രത്യേക സമ്മേളനം വിളിക്കാൻ പ്രായോഗികമായി സാധിക്കില്ലെന്നു വ്യക്തമാക്കി.
എന്നാൽ സിഎജി റിപ്പോർട്ട് ലഫ്. ഗവർണറുടെ ഓഫീസ് പരസ്യമാക്കിയെന്നും മാധ്യമങ്ങൾക്കു നൽകിയെന്നും ആം ആദ്മിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
സിഎജി റിപ്പോർട്ട് സ്പീക്കർക്ക് അയച്ചതായി ഡൽഹി സർക്കാർ കോടതിയെ അറിയിച്ചു. ബിജെപി വിഷയം രാഷ്ട്രീയ ആയുധമാക്കുകയാണെന്നും സംസ്ഥാന സർക്കാർ കോടതിയിൽ വാദിച്ചു. വിഷയം 16ന് വീണ്ടും പരിഗണിക്കും.
ആംആദ്മി സർക്കാരിന്റെ മദ്യനയം 2026 കോടി രൂപയുടെ നഷ്ടം വരുത്തിയതായാണു സിഎജി റിപ്പോർട്ട്. ലൈസൻസുകൾ നൽകുന്നതിൽ കാര്യമായ വീഴ്ചകളും നയവ്യതിയാനങ്ങളും ലംഘനങ്ങളും എടുത്തുകാണിക്കുന്ന റിപ്പോർട്ടിന്റെ ചില ഭാഗങ്ങൾ മാധ്യമങ്ങളാണ് പുറത്തുവിട്ടത്.
റിപ്പോർട്ട് ഇതുവരെയും നിയമസഭയിൽ വച്ചിട്ടില്ല. ഉദ്ദേശിച്ച ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നയം പരാജയപ്പെട്ടുവെന്നും ആം ആദ്മി നേതാക്കൾ ക്രമക്കേടുകളിലൂടെ പ്രയോജനം നേടിയെന്നും അടക്കമുള്ള ആരോപണങ്ങൾ സർക്കാരിനെതിരേയുണ്ട്.