മണിപ്പുരിൽ കലാപം വ്യാപിക്കുന്നു ; 11 കുക്കികളെ സൈന്യം വധിച്ചു
Tuesday, November 12, 2024 1:50 AM IST
ഇംഫാൽ: മണിപ്പുരിലെ ജിരിബാമിൽ കുക്കി വിഭാഗത്തിൽപെട്ട 11 പേരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.
ആസാം അതിർത്തിയോടു ചേർന്നുള്ള ബോറോബെക്രെയിലെ ജകുരധോർ കരോംഗ് മേഖലയിൽ സുരക്ഷാസേനയുടെ ക്യാന്പ് ആക്രമിച്ച സായുധസംഘമാണ് കൊല്ലപ്പെട്ടതെന്ന് സേനാവൃത്തങ്ങൾ പറഞ്ഞു.
ഇരുഭാഗത്തുനിന്നും എത്തിയ സായുധസംഘം ക്യാന്പിൽ നടത്തിയ ആക്രമണത്തിൽ രണ്ടു ജവാന്മാർക്കു പരിക്കേറ്റു. ഇതോടെയാണ് സൈനികനടപടിയിലേക്ക് സിആർപിഎഫ് കടന്നത്. കുടിയിറക്കപ്പെട്ടവർക്കായുള്ള ദുരിതാശ്വാസ കേന്ദ്രം ക്യാന്പിനു സമീപമുണ്ട്. ഇതും കലാപകാരികൾ ലക്ഷ്യമിട്ടിരുന്നു.
കുക്കികൾ നടത്തിയ വെടിവയ്പിലാണ് സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചത്. പരിക്കേറ്റു സിൽച്ചാർ മെഡിക്കൽ കോളജിൽ കഴിയുന്ന രണ്ട് ജവാന്മാരിൽ ഒരാളുടെ നില ഗുരുതരമാണ്. സുരക്ഷാസേനയുടെ ക്യാന്പ് ആക്രമിച്ച സംഘത്തിലെ ഏതാനുംപേർ രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. ഇവർ ഏതാനും ഗ്രാമീണരെ തട്ടിക്കൊണ്ടുപോയതായും സംശയമുണ്ട്. ക്രമസമാധാനം തിരികെയെത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ അനിശ്ചിതകാല കർഫ്യു പ്രഖ്യാപിച്ചതായി കളക്ടർ അറിയിച്ചു.
സംഭവത്തെത്തുടർന്ന് മേഖല സംഘർഷഭരിതമായിരിക്കുകയാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ബോറോബെക്ര പോലീസ് സ്റ്റേഷനിൽ എത്തിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. കാണാതായ ഗ്രാമവാസികളെ ഭീകരർ തട്ടിക്കൊണ്ടുപോയതാണോ അതോ ഭയംമൂലം ഇവർ പ്രദേശത്തുനിന്നു മാറിയതാണോ എന്നതിൽ വ്യക്തതയില്ല.
രണ്ടാഴ്ചയായി ജിരിബാം ഉൾപ്പെടെ വിവിധ ജില്ലകളിൽ അക്രമം വ്യാപിക്കുകയാണ്. താഴ്വരയിലെ വയലുകളിൽ കർഷകത്തൊഴിലാളികളെ ലക്ഷ്യമിട്ട് ഗ്രനേഡ് ആക്രമണവും വെടിവയ്പും തുടരുകയായിരുന്നു. ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപുർ ജില്ലകളിലാണ് സംഘർഷം രൂക്ഷം. കുന്നുകളിൽനിന്നാണ് വെടിവയ്പും ബോംബേറും നടത്തുന്നത്.
ശനിയാഴ്ച ബിഷ്ണുപുരിൽ കുക്കികളുടെ ആക്രമണത്തിൽ സ്ത്രീത്തൊഴിലാളി കൊല്ലപ്പെട്ടിരുന്നു.
കലാപം കൂടുതൽ ജില്ലകളിലേക്ക്
ഇംഫാൽ: ജിരിബാം, ഇംഫാൽ ഈസ്റ്റ് ജില്ലകൾക്കു പുറമേ ഇംഫാൽ വെസ്റ്റിലും കലാപസമാനമായ അന്തരീക്ഷം. ഇന്നലെ രാത്രി രണ്ട് സായുധസംഘങ്ങൾ തമ്മിൽ വെടിവയ്പുണ്ടായി.
കാങ്പോക്പി ജില്ലയിൽനിന്ന് താഴ്ന്ന മേഖലയായ കുട്രക്കിലേക്കാണു വെടിവയ്പ് തുടങ്ങിയത്. വില്ലേജ് വൊളണ്ടിയർമാർ തിരിച്ചും വെടിവയ്പ് തുടങ്ങി.
സ്ത്രീകളെയും കുട്ടികളെയും മുതിർന്നവരെയും സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റിയിരിക്കുകയാണ്.