“സംതൃപ്തിയോടെ പടിയിറങ്ങുന്നു” ; അവസാന വിധിയെഴുതി ചീഫ് ജസ്റ്റീസ് ചന്ദ്രചൂഡ്
Saturday, November 9, 2024 3:00 AM IST
സനു സിറിയക്
ന്യൂഡൽഹി: അവസാന വിധിയുമെഴുതി രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിലെ അന്പതാമത് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് വിരമിച്ചു.
അവസാന പ്രവൃത്തിദിനത്തിൽ വൈകാരികമായി പ്രതികരിച്ചായിരുന്നു ചന്ദ്രചൂഡ് കോടതിയുടെ പടവുകളിറങ്ങിയത്. നാളെമുതൽ തനിക്കു കേസുകളിൽ വിധി പുറപ്പെടുവിക്കാനാകില്ലെന്നും അതേസമയം താൻ പൂർണ സംതൃപ്തനാണെന്നും കോടതിമുറിയിൽ സഹപ്രവർത്തകരെ അഭിസംബോധന ചെയ്തശേഷം അദ്ദേഹം പറഞ്ഞു. കോടതിയിൽ താൻ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെകിൽ ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് നാളെയാണു വിരമിക്കുന്നതെങ്കിലും ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ അവസാന പ്രവൃത്തിദിനം. 2022 നവംബർ ഒന്പതിനാണ് ചന്ദ്രചൂഡ് രാജ്യത്തിന്റെ 50–ാമത്തെ ചീഫ് ജസ്റ്റീസായി ചുമതലയേറ്റത്.