ലൈംഗിക അതിക്രമക്കേസ്; ഒത്തുതീർപ്പിനു തടയിട്ട് സുപ്രീംകോടതി
Friday, November 8, 2024 12:32 AM IST
ന്യൂഡൽഹി: ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ പോക്സോ, ലൈംഗിക അതിക്രമ കേസുകൾ റദ്ദാക്കാൻ സാധിക്കില്ലെന്നു സുപ്രീംകോടതി. പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്കു നേരേ ലൈംഗിക അതിക്രമം നടത്തിയെന്ന കേസിൽ പ്രതിയായ അധ്യാപകന് ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ ഇളവു നൽകിയ രാജസ്ഥാൻ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.
എഫ്ഐആറും ക്രിമിനൽ നടപടികളും നിയമാനുസൃതമായി തുടരാനും ജസ്റ്റീസുമാരായ സി.ടി. രവികുമാർ, പി.വി. സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ക്രിമിനൽ നടപടിച്ചട്ടത്തിലെ (സിആർപിസി) 482 പ്രകാരം ഒരു ഹൈക്കോടതിക്ക് പ്രതിയും അതിജീവിതയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ ലൈംഗിക പീഡനക്കേസ് ഒത്തുതീർപ്പാക്കാമോയെന്ന വിഷയമായിരുന്നു സുപ്രീംകോടതി പരിഗണിച്ചത്.
2022ൽ രാജസ്ഥാനിലെ ഗംഗാപുർ നഗരത്തിലെ സർക്കാർ സ്കൂൾ അധ്യാപകനെതിരേ പ്രായപൂർത്തിയാകാത്ത ദളിത് പെണ്‍കുട്ടി ലൈംഗിക അതിക്രമത്തിന് പോലീസിൽ പരാതി നൽകി. പോക്സോ, എസ്സി എസ്ടി നിയമം എന്നിവപ്രകാരം പോലീസ് പ്രതിക്കെതിരേ കേസെടുക്കുകയും എഫ്ഐആർ ഇടുകയും ചെയ്തു.
പെണ്‍കുട്ടിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ പെണ്‍കുട്ടിയുടെ പിതാവും പ്രതിയും തമ്മിൽ കേസ് ഒത്തുതീർപ്പാക്കുകയും കേസ് റദ്ദാക്കാൻ കോടതിയെ സമീപിക്കുകയുമായിരുന്നു. വിചാരണക്കോടതി ഇതു നിരസിക്കുകയും പിന്നീട് ഹൈക്കോടതി കേസ് റദ്ദാക്കാൻ ഉത്തരവിടുകയും ചെയ്തു. ഹൈക്കോടതി നടപടിക്കെതിരേ മൂന്നാം കക്ഷിയായ പൊതുപ്രവർത്തകൻ റാംജി ലാൽ ബൈർവയാണു സുപ്രീംകോടതിയെ സമീപിച്ചത്.
2022 സെപ്റ്റംബറിൽ കേസ് പരിഗണിച്ച അന്നത്തെ ചീഫ് ജസ്റ്റീസ് യു.യു. ലളിതിന്റെയും ജസ്റ്റീസ് ജെ.ബി. പർദിവാലയുടെയും ബെഞ്ച് കേസിൽ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയെ നിയമിച്ചിരുന്നു. അദ്ദേഹത്തിന്റെകൂടി റിപ്പോർട്ടിന്റെ അടിസ്ഥാത്തിലാണു സുപ്രീംകോടതി ഇന്നലെ വിധി പ്രസ്താവിച്ചത്.