പിഎം വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
Thursday, November 7, 2024 2:02 AM IST
ന്യൂഡൽഹി: രാജ്യത്തെ 22 ലക്ഷത്തോളം വിദ്യാർഥികൾക്ക് ഉപകാരപ്രദമാകുമെന്നു പ്രതീക്ഷിക്കുന്ന പ്രധാനമന്ത്രി വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. രാജ്യത്തെ 860 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നതവിദ്യാഭ്യാസം നേടാനാഗ്രഹിക്കുന്ന, സാന്പത്തികഞെരുക്കം അനുഭവിക്കുന്ന വിദ്യാർഥികളെ ലക്ഷ്യം വച്ചുള്ളതാണ് പദ്ധതി.
വിദ്യാർഥികൾക്ക് ഈടില്ലാത്തതും ഗ്യാരന്റർ ആവശ്യമില്ലാത്തതുമായ വിദ്യാഭ്യാസ ലോണുകൾ പദ്ധതി വഴി ലഭിക്കും. ബാങ്കുകളെ പിന്തുണയ്ക്കുന്നതിനായി 7.5 ലക്ഷം വരെയുള്ള വായ്പാത്തുകകൾക്ക് 75 ശതമാനം ക്രെഡിറ്റ് ഗാരന്റി കേന്ദ്രസർക്കാർ നൽകും.
സുതാര്യവും എളുപ്പവുമായ രീതിയിൽ "PM Vidyalakshmi' പോർട്ടൽ വഴി ഓണ്‍ലൈനായി വിദ്യാർഥികൾക്ക് ലോണിന് അപേക്ഷിക്കാം. പദ്ധതിക്കായി 2024-25 മുതൽ 2030-31 വരെ 3,600 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്.
ഉന്നതവിദ്യാഭ്യാസ സ്ഥാപങ്ങളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് പഠനത്തിന് ലോണ്‍ ആവശ്യമാണെങ്കിൽ പദ്ധതിക്കായി അപേക്ഷിക്കാം. സർക്കാർ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസം നേടിയെത്തുന്ന വിദ്യാർഥികൾക്കും തൊഴിലധിഷ്ഠിത, സാങ്കേതിക കോഴ്സുകൾ തെരഞ്ഞെടുക്കുന്നവർക്കും മുൻഗണന ലഭിക്കും.
4.5 ലക്ഷം കുടുംബ വാർഷിക വരുമാനമുള്ള വിദ്യാർഥികൾക്ക് നിലവിൽ ലഭിക്കുന്ന പലിശരഹിത വായ്പ തന്നെ തുടരും. എട്ടു ലക്ഷം വരെ കുടുംബ വാർഷികവരുമാനമുള്ള വിദ്യാർഥികൾക്ക് പത്തു ലക്ഷം വരെയുള്ള വായ്പയ്ക്ക് മോറട്ടോറിയത്തോടുകൂടി മൂന്നു ശതമാനം പലിശ ഇളവ് ലഭിക്കും.
എല്ലാ വർഷവും ഉന്നത വിദ്യാഭ്യാസ വകുപ്പ് രാജ്യത്തെ നിലവാരമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക പുറത്തിറക്കാറുണ്ട്. ഇവയിൽ ആദ്യ 100 റാങ്കുള്ള സ്ഥാപനങ്ങളിൽ വായ്പ ലഭ്യമാകും.
ഇതുകൂടാതെ സംസ്ഥാനതലത്തിൽ 101 മുതൽ 200 വരെ റാങ്കിലെത്തുന്ന സ്ഥാപനങ്ങളിലും കേന്ദ്രസർക്കാരിനു കീഴിലുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർഥികൾക്ക് പിഎം വിദ്യാലക്ഷ്മി പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കും.