ശ്രീനഗറിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണം; 11 പേർക്കു പരിക്ക്
Monday, November 4, 2024 2:55 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ശ്രീനഗറിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിൽ 11 പേർക്കു പരിക്കേറ്റു. നഗരത്തിലെ തിരക്കേറിയ ഞായറാഴ്ചച്ചന്തയ്ക്കു സമീപമുള്ള സിആർപിഎഫ് ബങ്കറിനെ ലക്ഷ്യമിട്ടായിരുന്നു ഭീകരരുടെ ആക്രമണം. എന്നാൽ, ഗ്രനേഡ് ലക്ഷ്യംതെറ്റി റോഡരികിലേക്കു പതിച്ചുണ്ടായ സ്ഫോടനത്തിൽ 11 നാട്ടുകാർക്കു പരിക്കേൽക്കുകയായിരുന്നു.
ഞായറാഴ്ചച്ചന്തയ്ക്ക് ആയിരങ്ങൾ എത്തിയിരുന്നു. ഓൾ ഇന്ത്യ റേഡിയോ, ദൂർദർശൻ കേന്ദ്ര എന്നിവ പ്രവർത്തിക്കുന്ന തിരക്കേറിയ കെട്ടിടസമുച്ചയത്തിനു സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തെത്തുടർന്ന് ആളുകൾ പരിഭ്രാന്തരായി ഓടി. ശനിയാഴ്ച ശ്രീനഗറിൽ ലഷ്കർ-ഇ-തൊയ്ബയുടെ പാക്കിസ്ഥാൻകാരനായ കമാൻഡറെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.