ദീപാവലി മധുരം പങ്കിട്ട് ഇന്ത്യ-ചൈന സൈനികർ
Friday, November 1, 2024 3:08 AM IST
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ (എൽഎസി) ദീപാവലി മധുരം പങ്കിട്ട് ഇന്ത്യയുടെയും ചൈനയുടെയും സൈനികർ. അതിർത്തിയിൽനിന്നുള്ള ഇരുരാജ്യങ്ങളുടെയും സേനാ പിന്മാറ്റത്തിന്റെ സന്തോഷം സൂചിപ്പിക്കുന്നതുകൂടിയായി മധുരം പങ്കിടൽ. ലഡാക്കിനുപുറമേ അരുണാചൽ, സിക്കിം അതിർത്തികളിലെ അഞ്ചു ബോർഡർ പോയിന്റുകളിലും മധുരം പങ്കിടൽ നടന്നു.
എൽഎസിയിലെ നിർണായക സൈനിക പോയിന്റുകളായ ഡെപ്സംഗ്, ഡെംചോക് പ്രദേശങ്ങളിൽനിന്ന് ഇരുരാജ്യങ്ങളുടെയും സൈനികർ പൂർണമായി പിന്മാറിയതിനു പിന്നാലെ പട്രോളിംഗും പുനരാരംഭിച്ചിട്ടുണ്ട്.
സേനകളുടെ പിന്മാറ്റം സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം നടന്നുവരികയാണ്. കമാൻഡർമാർ നേരിട്ടെത്തിയും ഡ്രോണുകളും വഴിയാണു സ്ഥിരീകരണം.
എൽഎസിയിലെ വിവിധ മേഖലകളിൽ പട്രോളിംഗ് ഭാഗികമായി ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രോട്ടോകോളുകളുടെ അന്തിമ രൂപരേഖ തയാറാക്കുന്നതിനെപ്പറ്റി ചർച്ചകൾ നടക്കുന്നതേയുള്ളൂ.
സംഘട്ടനങ്ങൾ ഒഴിവാക്കുന്നതിനായി പട്രോളിംഗ് ആരംഭിക്കുന്നതിനുമുന്പ് ഇരുരാജ്യങ്ങളും പരസ്പരം അറിയിപ്പ് നൽകണമെന്നു ധാരണയുണ്ട്. അതിനാൽ മുഖാമുഖം വരാതെയാണ് ഇരുസേനയുടെയും പട്രോളിംഗ്.
അതേസമയം, 2020ൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷമുണ്ടായ ഗാൽവൻ അടക്കമുള്ള ബഫർ സോണുകളെ സംബന്ധിച്ചുള്ള തീരുമാനങ്ങൾ ഇരുരാജ്യങ്ങളുടെയും കമാൻഡിംഗ് ഓഫീസർമാർ ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു.