ഷിരൂരിൽ ഗോവയിൽനിന്നു ഡ്രഡ്ജർ എത്തിക്കാൻ തീരുമാനം
Thursday, August 15, 2024 1:25 AM IST
കാർവാർ (കർണാടക): ഷിരൂരിലെ മലയിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ അടക്കമുള്ളവർക്കായി പുഴയിൽ തെരച്ചിൽ നടത്താൻ ഗോവയിൽനിന്നു ഡ്രഡ്ജർ എത്തിക്കാൻ തീരുമാനം.
ഇതിനു ചെലവാകുന്ന 50 ലക്ഷം രൂപ കാർവാർ എംഎൽഎ സതീഷ് സെയിലിന്റെ എംഎൽഎ ഫണ്ടിൽനിന്നും കർണാടക സർക്കാരിൽനിന്നും ലഭ്യമാക്കും. ആദ്യഗഡുവായി 25 ലക്ഷം രൂപ ഡ്രഡ്ജിംഗ് കമ്പനി അധികൃതർക്കു കൈമാറി. കടൽമാർഗം എത്തിക്കുന്ന ഡ്രഡ്ജർ തിങ്കളാഴ്ചയോടെ ഷിരൂരിലെത്തും.
നേരത്തേ ഈ ആവശ്യത്തിനായി തൃശൂരിൽനിന്നു കേരള കാർഷിക സർവകലാശാലയുടെ പക്കലുള്ള ഡ്രഡ്ജിംഗ് യന്ത്രമെത്തിക്കാൻ നീക്കമുണ്ടായിരുന്നു. ഇക്കാര്യത്തിൽ മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെ ഉറപ്പുനല്കിയിരുന്നെങ്കിലും പിന്നീട് കേരളം പിൻവലിയുകയായിരുന്നു. ഈ യന്ത്രം പുഴയിലിറക്കുന്നതു പ്രായോഗികമല്ലെന്ന റിപ്പോർട്ടാണു തൃശൂർ കളക്ടർ ഉത്തരകന്നഡ ജില്ലാ കളക്ടർക്കു നല്കിയത്.
തെരച്ചിൽ തുടരുന്ന കാര്യത്തിൽ കേരളത്തിന്റെ ഭാഗത്തുനിന്നുള്ള താത്പര്യക്കുറവാണ് ഇതിലൂടെ പ്രകടമായതെന്നു സതീഷ് സെയിൽ ആരോപിച്ചു.
ചെലവ് വഹിക്കുന്ന കാര്യത്തിലും കേരളം താത്പര്യം പ്രകടിപ്പിക്കാതിരുന്നതോടെയാണു കർണാടക സ്വന്തം നിലയിൽ ഡ്രഡ്ജർ എത്തിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നാവികസേനയുടെയും എൻഡിആർഎഫിന്റെയും ഈശ്വർ മാൽപേ സംഘത്തിലെ പ്രാദേശിക മുങ്ങൽ വിദഗ്ധരുടെയും നേതൃത്വത്തിൽ ഇന്നലെ പുഴയിൽ നടത്തിയ തെരച്ചിലിൽ കൂടുതൽ ലോഹഭാഗങ്ങളും പ്ലാസ്റ്റിക് കയറും ലഭിച്ചിരുന്നു. അർജുന്റെ ലോറിയിലെ മരത്തടികൾ കെട്ടിവച്ചിരുന്ന കയറാണ് ഇതെന്നു ലോറിയുടമ മനാഫ് തിരിച്ചറിഞ്ഞു.
അതേസമയം, ലോഹഭാഗങ്ങൾ ലോറിയുടേതുതന്നെയാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. പുഴയിൽ ലോറിയുണ്ടെന്നു കരുതുന്ന ഭാഗത്ത് മൂടിക്കിടക്കുന്ന മണ്ണും അവശിഷ്ടങ്ങളും നീക്കിയാലേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂ. ഡ്രഡ്ജർ എത്തുന്നതു വരെ നിലവിലുള്ള രീതിയിൽ തെരച്ചിൽ തുടരും.