"ഇടപാടുകൾ പരസ്യമാക്കുമോ?'; സെബി മേധാവിയെ വെല്ലുവിളിച്ച് ഹിൻഡൻബർഗ് റിസർച്ച്
Tuesday, August 13, 2024 2:23 AM IST
സനു സിറിയക്
ന്യൂഡൽഹി: ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെബി മേധാവി മാധബി ബുച്ചിനെതിരേ ആരോപണങ്ങൾ കടുപ്പിച്ചും വെല്ലുവിളി ഉയർത്തിയും ഹിൻഡൻബർഗ് റിസർച്ച്.
ഇന്ത്യയിലും പുറത്തുമുള്ള മാധബിയുടെ നിക്ഷേപ വിവരങ്ങൾ പുറത്തുവിടുമോ എന്ന വെല്ലുവിളിയാണ് ഹിൻഡൻബർഗ് പുതുതായി ഉയർത്തിയിരിക്കുന്നത്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ടു മൗറീഷ്യസിലും ബെർമുഡയിലും നിക്ഷേപമുണ്ടെന്നു മാധബി പരസ്യമായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഹിൻഡൻബർഗ് പുതുതായി ആരോപിക്കുന്നു.
ആരോപണങ്ങൾ നിഷേധിച്ചും തികഞ്ഞ വ്യക്തിഹത്യയാണെന്നു ചൂണ്ടിക്കാട്ടിയും മാധബിയും ഭർത്താവ് ധാവൽ ബുച്ചും ഞായറാഴ്ച പ്രസ്താവനയിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുമായി ഹിൻഡൻബർഗ് രംഗത്തു വന്നിരിക്കുന്നത്.
പൂർണ സുതാര്യത വാഗ്ദാനം ചെയ്യുന്ന മാധബി, സിംഗപ്പൂരിലെയും ഇന്ത്യയിലെയും കണ്സൾട്ടിംഗ് സ്ഥാപനങ്ങളിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ ഉള്ള ക്ലയന്റുകളുടെ മുഴുവൻ പട്ടികയും ഇടപെടലുകളുടെ വിശദാംശങ്ങളും പരസ്യമാക്കുമോ? പൂർണവും സുതാര്യവും പൊതുവുമായ അന്വേഷണത്തിനു തയാറാകുമോ? തുടങ്ങിയ ചോദ്യങ്ങളാണ് ഹിൻഡൻബർഗ് റിസർച്ച് ഇപ്പോൾ ഉയർത്തുന്നത്.
ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ പൂർണമായും നിഷേധിച്ച മാധബി, തന്റെയും ഭർത്താവിന്റെയും സാന്പത്തിക കാര്യങ്ങൾ തുറന്ന പുസ്തകമാണെന്നും ആർക്കു വേണമെങ്കിലും അത് പരിശോധിക്കാമെന്നും പറഞ്ഞിരുന്നു. അതേസമയം, വിഷയത്തിൽ സംയുക്ത പാർലമെന്ററി കമ്മിറ്റി അന്വേഷണം ആവശ്യപ്പെട്ട് കോണ്ഗ്രസ് രംഗത്തു വന്നിരുന്നു.
എന്നാൽ ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ തള്ളി സെബി രംഗത്തെത്തിയിരുന്നു. അദാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. 24 ആക്ഷേപങ്ങളിൽ 23ലും അന്വേഷണം നടത്തി. ഒന്നിൽ നടപടി ഉടൻ പൂർത്തിയാകുമെന്നും സെബി വ്യക്തമാക്കി. ഹിൻഡൻബർഗ് ആരോപണങ്ങൾ ചെയർപേഴ്സൻ മാധബി നിഷേധിച്ചതായും വിഷയവുമായി ബന്ധപ്പെട്ട് വ്യക്തത അവർ വരുത്തിയിട്ടുണ്ടെന്നും സെബി കൂട്ടിച്ചേർത്തു.
കൈമലർത്തി ധനമന്ത്രാലയം
ഹിൻഡൻബർഗ് ആരോപണത്തിൽ ആദ്യമായി പ്രതികരിച്ച് കേന്ദ്ര ധനമന്ത്രാലയം. സെബി ചെയർപേഴ്സണ് മാധബി പുരി ബുച്ചിനെതിരേ ഗുരുതര ആരോപണങ്ങൾ ഉയർത്തിയ ഹിൻഡൻബർഗ് റിപ്പോർട്ടിൽ പ്രത്യേകം പ്രതികരിക്കാനില്ലെന്നാണ് ധനമന്ത്രാലയം വ്യക്തമാക്കിയത്.
സെബിയും മാധബി ബുച്ചും പ്രത്യേക പ്രസ്താവനകൾ നൽകിയതിനാൽ സർക്കാരിന് കൂടുതലൊന്നും പറയാനില്ലെന്ന് സാന്പത്തികകാര്യ സെക്രട്ടറി അജയ് സേത്ത് പറഞ്ഞു.
വീണും കയറിയും ഓഹരിവിപണി
ഹിൻഡൻബർഗ് വെളിപ്പെടുത്തലിന്റെ പിന്നാലെ ഇന്നലെ മന്ദഗതിയിൽ തുടങ്ങിയ ഓഹരിവിപണി ഇന്നലെ അവസാനിച്ചപ്പോൾ തിരിച്ചു കയറി. വ്യാപാരത്തിന്റെ തുടക്കത്തിൽ 0.35 ശതമാനം വരെ ഇടിഞ്ഞ ദേശീയ ഓഹരിസൂചികയായ എൻഎസ്ഇയും നിഫ്റ്റിയും പിന്നീട് നേട്ടത്തിലേക്ക് ഉയർന്നു. ഇന്നലെ തുടക്കത്തിൽ അദാനി ഓഹരികൾ വലിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് നില മെച്ചപ്പെടുത്തി.
അരാജകത്വത്തിനു ശ്രമമെന്ന് ബിജെപി
സാന്പത്തിക അരാജകത്വവും ഇന്ത്യക്കെതിരായ വിദ്വേഷവും സൃഷ്ടിക്കാനാണ് കോണ്ഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ്. സുരക്ഷിതത്വവും സ്ഥിരതയും വാഗ്ദാനം ചെയ്യുന്ന വിപണിയാണ് ഇന്ത്യയിലേത്.
എന്നാൽ, ഇതിൽ അരാജകത്വം സൃഷ്ടിക്കാനാണ് കോണ്ഗ്രസ് ശ്രമിക്കുന്നത്. മൂന്നാം തവണയും തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിനു ശേഷം ഇന്ത്യൻ സന്പദ് വ്യവസ്ഥയെ അസ്ഥിരമാക്കാനുള്ള ശ്രമമാണ് കോണ്ഗ്രസും ഇന്ത്യ മുന്നണിയും നടത്തുന്നതെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
ജെപിസി അന്വേഷണം വേണമെന്ന് കോണ്ഗ്രസ്
ഹിൻഡൻബർഗിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. അന്വേഷണത്തിനു തയാറാകുന്നില്ലെങ്കിൽ രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെ.സി. വേണുഗോപാൽ തിരുവനന്തപുരത്ത് പ്രതികരിച്ചു.
ഇത്ര വലിയ ആരോപണമുണ്ടായിട്ടും മാധബി പുരി ബൂച്ചി അതേ പദവിയിൽ തുടരുന്നതിൽ അദ്ഭുതമാണ്. പതിനായിരക്കണക്കിന് ആളുകളുടെ ഓഹരിയാണ് പ്രതിസന്ധിയിലായത്. ജോയിന്റ് പാർലമെന്ററി കമ്മിറ്റിയെ സർക്കാർ എന്തിനാണു ഭയപ്പെടുന്നതെന്നും കെ.സി. വേണുഗോപാൽ ചോദിച്ചു.