അനന്ത്നാഗിൽ ഏറ്റുമുട്ടൽ; രണ്ട് സൈനികർക്കു വീരമൃത്യു
Sunday, August 11, 2024 2:25 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിലെ അനന്ത്നാഗിൽ വനമേഖലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു സൈനികർക്കു വീരമൃത്യു.
കോക്കർനാഗ് മേഖലയിലെ അഹ്ലാൻ ഗാഗർമന്ദു വനത്തിൽ ഉണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ നാലു സൈനികർക്കു പരിക്കേറ്റു. സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടിലിനിടെ രണ്ടു പ്രദേശവാസികൾക്കും പരിക്കേറ്റു.
ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പ്രദേശം വളഞ്ഞ് സൈന്യം പരിശോധന നടത്തുന്പോൾ വനത്തിൽ ഒളിഞ്ഞിരുന്ന സംഘം ആക്രമണം തുടങ്ങുകയായിരുന്നു. പാരാ കമാൻഡോകളും പോലീസും ഉൾപ്പെടെ സംയുക്തസംഘത്തെയാണു പ്രദേശത്ത് വിന്യസിച്ചിരുന്നത്.
മണിക്കൂറുകൾ നീണ്ട സൈനികനടപടിക്കിടെയാണ് ആറ് സൈനികർക്ക് പരിക്കേറ്റത്. ഇവരെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല. ഭീകരരെ തുരത്താനുള്ള ശ്രമങ്ങൾ ഇന്നലെ രാത്രിയും തുടർന്നു.
കഴിഞ്ഞ സെപ്റ്റംബറിലും കൊക്കർനാഗ് മേഖലയിൽ സമാനമായ ഏറ്റുമുട്ടലുണ്ടായി. ഒരാഴ്ചയോളം നീണ്ട ഏറ്റുമുട്ടലിൽ കേണൽ മൻപ്രീത് സിംഗ്, മേജർ ആശിഷ്, ഡെപ്യൂട്ടി എസ്പി ഹുമയൂൺ ഭട്ട് ഉൾപ്പെടെ മൂന്ന് ധീരരെയാണ് രാജ്യത്തിനു നഷ്ടമായത്.
ലഷ്കർ ഇ ത്വയ്ബയുടെ മുതിർന്ന കമാൻഡർ ഉൾപ്പെടെ രണ്ടു ഭീകരരെ ഈ ഏറ്റുമുട്ടലിൽ സൈന്യം വധിക്കുകയും ചെയ്തു.