കേരളത്തിന് എയിംസ് ഇല്ല; പാർലമെന്റിൽ പ്രതിഷേധം
Tuesday, August 6, 2024 2:29 AM IST
ന്യൂഡൽഹി: കേരളത്തിന് എയിംസ് അനുവദിക്കുന്നതായി പ്രഖ്യാപിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ വിസമ്മതിച്ചതിൽ പ്രതിഷേധിച്ച് കേരള എംപിമാരുടെ ബഹളവും വാക്കൗട്ടും ലോക്സഭയെ ഇളക്കിമറിച്ചു.
കേരളത്തിന് എയിംസ് അനുവദിക്കുമെന്ന ഒന്പതു വർഷം മുന്പത്തെ വാഗ്ദാനം പാലിക്കണമെന്ന് കേരളത്തിൽനിന്നുള്ള എംപിമാർ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടെങ്കിലും എന്തെങ്കിലും ഉറപ്പു നൽകാൻ ബിജെപി ദേശീയ അധ്യക്ഷൻ കൂടിയായ ആരോഗ്യമന്ത്രി വിസമ്മതിച്ചു.
ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിനായുള്ള ധനാർഭ്യർഥന ചർച്ചയ്ക്ക് മന്ത്രി നഡ്ഡ മറുപടി പറയവേയാണു കേരളത്തിന്റെ എയിംസ് ആരംഭിക്കുമെന്ന് ഉറപ്പു നൽകണമെന്നാവശ്യപ്പെട്ട് യുഡിഎഫ്, എൽഡിഎഫ് വ്യത്യാസമില്ലാതെ സംസ്ഥാനത്തെ എംപിമാർ പ്രതിഷേധം ഉയർത്തിയത്.
കേരളത്തിന്റെ എയിംസ് എന്തായി എന്ന് എം.കെ. രാഘവൻ, കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ഫ്രാൻസിസ് ജോർജ് അടക്കമുള്ള എംപിമാർ പലതവണ ചോദിച്ചെങ്കിലും കൃത്യമായ മറുപടി പറയാതെ മന്ത്രി ഒഴിഞ്ഞുമാറി. മന്ത്രിയുടെ മറുപടി പ്രസംഗത്തിനിടെ പലതവണ കേരള എംപിമാർ ഇക്കാര്യം ഉന്നയിച്ചു.
എന്നാൽ മോദി സർക്കാരിന്റെ 10 വർഷക്കാലത്ത് എയിംസ് അടക്കം 157 പുതിയ മെഡിക്കൽ കോളജുകൾ തുടങ്ങിയെന്ന് മന്ത്രി വിശദീകരിച്ചു. ഒരു മെഡിക്കൽ കോളജ് തുടങ്ങാൻ ആവർത്തന ചെലവുകൾ കൂടാതെ 2,000 കോടി രൂപ വീതം ചെലവാകുമെന്നു മന്ത്രി വിശദീകരിച്ചു.
പത്തു വർഷംകൊണ്ട് മെഡിക്കൽ ബിരുദ സീറ്റുകളിൽ 118 ശതമാനവും പിജി സീറ്റുകളിൽ 137 ശതമാനവും വർധന ഉണ്ടായെന്ന് നഡ്ഡ പറഞ്ഞു. അപ്പോഴും കേരളത്തിന്റെ എയിംസ് വാഗ്ദാനം ചെയ്തില്ല.
പ്രസംഗം തീരുന്പോഴും കേരളത്തിന് എയിംസ് പ്രഖ്യാപിക്കാൻ തയാറാകാത്ത കേന്ദ്രനിലപാടിൽ പ്രതിഷേധിച്ച് കേരള എംപിമാർ കൂട്ടത്തോടെ സഭ ബഹിഷ്കരിച്ച് വാക്കൗട്ട് നടത്തി. കേരളത്തിന് വാഗ്ദാനം ചെയ്ത എയിംസ് നൽകാൻ തയാറാകാത്ത കേന്ദ്ര നിലപാട് പ്രതിഷേധാർഹമാണെന്ന് വേണുഗോപാൽ പറഞ്ഞു.
ഇതിനിടെ, കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ചട്ടം 377 പ്രകാരം ലോക്സഭയിൽ എം.കെ. രാഘവൻ ആവശ്യപ്പെട്ടു. കോഴിക്കോട് മണ്ഡലത്തിലെ കിനാലൂരിൽ സംസ്ഥാന സർക്കാർ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയായെന്നും ആദ്ദേഹം വ്യക്തമാക്കി.