കാഷ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് സൈനികർക്കു വീരമൃത്യു
Monday, July 8, 2024 3:15 AM IST
ശ്രീനഗര്‍: ജമ്മു-കാഷ്മീരിലെ കുല്‍ഗാം ജില്ലയിൽപ്പെട്ട മോഡർഗാമിലും ചിന്നിഗാമിലും ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പാരട്രൂപ്പ് വിദഗ്ധൻ ഉൾപ്പെടെ രണ്ടു സൈനികർക്ക് വീരമൃത്യു. ഒരു സൈനികന് പരിക്കേറ്റു. ശനിയാഴ്ച തുടങ്ങിയ ഏറ്റുമുട്ടലുകളിൽ ലഷ്കർ ഇ ത്വയ്ബ ബന്ധമുള്ള ആറു ഭീകരരെ സുരക്ഷാസേന വധിക്കുകയും ചെയ്തു. ഇതിനിടെ രജൗരിയിലെ കരസേനാ ക്യാന്പിനു സമീപം ഭീകരർ ആക്രമണം നടത്തി. സംഭവത്തിൽ ഒരു സൈനികന് പരിക്കേറ്റതായി പോലീസ് അറിയിച്ചു.
മോഡർഗാമിൽ തെരച്ചിൽ നടത്താനെത്തിയ സുരക്ഷാസേനയ്ക്കുനേരെ ഭീകരർ വെടിയുതിർത്തതാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. രഹസ്യാന്വേഷണവിഭാഗം കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കരസേനയും സിആർപിഎഫും പോലീസും പ്രദേശം വളഞ്ഞ് പരിശോധന നടത്തുന്നതിനിടെയാണ് ഭീകരർ വെടിയുതിർത്തത്. പ്രത്യാക്രമണത്തിനിടെ ഒരു സൈനികന് ജീവൻ നഷ്ടമായി. രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു.
കുൽഗാമിലെ ചിന്നിഗാം മേഖലയിൽ ഏറ്റുമുട്ടലിനുശേഷം ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ തെരച്ചിലിൽ നാലു ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ഇവിടെയും ഒരു സൈനികന് ജീവൻ നഷ്ടമായി. മറ്റൊരു സൈനികന് പരിക്കേറ്റു. ഒളിച്ചിരിപ്പുണ്ടെന്ന് കരുതുന്ന മറ്റൊരു ഭീകരനായി തെരച്ചിൽ ഇന്നലെ രാത്രിവരെ നീണ്ടു.
രണ്ട് ആക്രമണങ്ങളിലേക്കും സുരക്ഷാസേനയുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്പോഴാണ് രജൗരിയിൽ സൈനിക ക്യാന്പിനുസമീപം ഭീകരാക്രമണം നടന്നത്. ഇന്നലെ പുലർച്ചെ നാലോടെയുണ്ടായ ആക്രമണത്തിൽ ഒരു സൈനികന് പരിക്കേറ്റു. അരമണിക്കൂറോളം തുടർന്ന ഏറ്റുമുട്ടലിനൊടുവിൽ ഭീകരർ സമീപത്തെ കാട്ടിലേക്ക് രക്ഷപ്പെട്ടു. പ്രദേശത്ത് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ആറു ഭീകരരെ വധിക്കാനായത് വലിയ നേട്ടമാണെന്ന് ജമ്മു-കാഷ്മീർ ഡിജിപി പറഞ്ഞു.
ജമ്മു-കാഷ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസർക്കാരും മുന്നോട്ടുപോകുന്നതിനിടെയുണ്ടായ ഭീകരാക്രമണം ആശങ്കയുയർത്തുന്നുണ്ട്.