അതൃപ്തി പുകയുന്നു ;പ്രജ്വൽ രേവണ്ണയ്ക്കെതിരേ സിബിഐ നോട്ടീസ്
Monday, May 6, 2024 5:08 AM IST
ബംഗളൂരു: ലൈംഗികാരോപണക്കേസിൽ കർണാടകയിലെ ജനതാദൾ -എസ് നേതാവും മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരേ സിബിഐ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കിയതായി ആഭ്യന്തരമന്ത്രി ഡോ.ജി. പരമേശ്വര അറിയിച്ചു.
ഹാസൻ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥികൂടിയായ പ്രജ്വലിനെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടിയതായും പ്രതിയെ പിടികൂടാനുള്ള പ്രാഥമിക നടപടികളിലേക്ക് ഇന്റർപോൾ കടന്നതായും മന്ത്രി പറഞ്ഞു.
അതേസമയം, പിതാവ് എച്ച്.ഡി. രേവണ്ണ അറസ്റ്റിലായ സാഹചര്യത്തിൽ പ്രജ്വൽ ഉടൻ കീഴടങ്ങിയേക്കുമെന്ന് സൂചനയുണ്ട്. ജർമനിയിൽനിന്ന് ഒമാനിലെ മസ്കറ്റിലെത്തിയ പ്രജ്വൽ ഉടൻ മംഗളൂരുവിൽ എത്തുമെന്നും ഇവിടെവച്ച് പോലീസിൽ കീഴടങ്ങുമെന്നുമാണ് വാർത്തകൾ പ്രചരിക്കുന്നത്. ഇന്നലെ രാത്രിയോടെയോ ഇന്നു പുലർച്ചെയോ കീഴടങ്ങുമെന്ന് വാർത്തകൾ പ്രചരിച്ചെങ്കിലും ഇതുസംബന്ധിച്ച് തങ്ങൾക്കു വിവരമൊന്നുമില്ലെന്ന് എസ്ഐടി സംഘം അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം മാത്രമേ പ്രജ്വൽ ഇന്ത്യയിൽ മടങ്ങിയെത്തൂവെന്നും എസ്ഐടി സംഘം സൂചന നൽകി.
ശനിയാഴ്ച രാത്രിയിൽ എസ്ഐടി സംഘം ബംഗളൂരുവിലെ ദേവഗൗഡയുടെ വസതിയിൽനിന്ന് അറസ്റ്റ് ചെയ്ത എച്ച്.ഡി. രേവണ്ണയെ ഇന്നലെ വൈകുന്നേരം കോടതിയിൽ ഹാജരാക്കി. തുടർന്ന് കോടതി ഇദ്ദേഹത്തെ മൂന്നുദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു.
പ്രജ്വലിനെതിരേ പീഡനപരാതി നൽകിയ വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടുപോയതിനും ഒളിവിൽ പാർപ്പിച്ചതിനുമാണ് രേവണ്ണയെ അറസ്റ്റ് ചെയ്തത്. താൻ ആരെയും തട്ടിക്കൊണ്ടുപോകുകയോ ഒളിവിൽ പാർപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും രേവണ്ണ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രജ്വലിന്റെ അതിക്രമങ്ങൾക്ക് ഇരയായവർക്ക് പരാതി നൽകാൻ എസ്ഐടി ഹെൽപ്പ് ലൈൻ നന്പർ പുറത്തുവിട്ടിട്ടുണ്ട്. അതിനിടെ പ്രജ്വലിന്റെ ലൈംഗിക പീഡനത്തിന് ഇരയായവർക്കു കർണാടകയിലെ കോൺഗ്രസ് സർക്കാർ സാന്പത്തിക സഹായം നൽകുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല അറിയിച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തുടങ്ങിയ നേതാക്കൾക്കൊപ്പം മാധ്യമപ്രവർത്തകരെ കണ്ടപ്പോഴായിരുന്നു പ്രഖ്യാപനം. നൂറുകണക്കിന് ഇരകളാണ് കേസിലുള്ളത്. കഴിഞ്ഞ 75 വർഷത്തിനിടെ ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും സുർജേവാല പറഞ്ഞു.
മാനഭംഗത്തിലെ പ്രതിയായ പ്രജ്വലിനെക്കുറിച്ച് വിവരം ലഭിച്ചിട്ടും ജനതാദളുമായുള്ള സഖ്യം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പ്രജ്വലിന്റെ വിദേശയാത്ര തടയാൻ വിദേശകാര്യമന്ത്രാലയം എന്തുകൊണ്ടു ശ്രമിച്ചില്ലെന്നും സുർജേവാല ചോദിച്ചു.ലൈംഗികാരോപണത്തിൽ പ്രധാനമന്ത്രി മൗനംവെടിയണമെന്നു മഹിളാ കോൺഗ്രസും ആവശ്യപ്പെട്ടു. പ്രജ്വൽ രേവണ്ണയെ ഇന്ത്യയിലെത്തിച്ച് നിയമവ്യവസ്ഥയ്ക്കു മുന്നിൽ ഹാജരാക്കുംവരെ ശബ്ദമുയർത്തുമെന്ന് ഓൾ ഇന്ത്യ മഹിളാ കോൺഗ്രസ് അധ്യക്ഷ അൽക്ക ലാംബ പറഞ്ഞു.
മോദിക്കെതിരേ എല്ലാ വേദികളിലും പ്രതിഷേധം ഉയർത്തും. പ്രശ്നത്തിൽ മൗനം തുടരുന്ന വനിതാ-ശിശു വികസനമന്ത്രി സ്മൃതി ഇറാനിയെയും ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമയെയും അവർ വിമർശിച്ചു.
പുതിയ സാഹചര്യത്തിൽ ജെഡി-എസുമായുള്ള സഖ്യം തുടരണോയെന്ന ് ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് ബിജെപി നേതാവും കർണാടക പ്രതിപക്ഷനേതാവുമായ ആർ.അശോക് പറഞ്ഞു. പ്രജ്വൽ രേവണ്ണ രക്ഷപ്പെട്ടത് കർണാടക ഇന്റലിജൻസിന്റെ വീഴ്ചയാണെന്നും അദ്ദേഹം ആരോപിച്ചു.