വിഷ്ണുദേവ് സായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ
Monday, December 11, 2023 3:47 AM IST
ന്യൂഡൽഹി: ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി ആദിവാസി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വിഷ്ണുദേവ് സായിയെ പാർലമെന്ററി പാർട്ടി യോഗം തെരഞ്ഞെടുത്തു. ഉപമുഖ്യമന്ത്രിമാരായി അരുൺ സാവോയെയും വിജയ് ശർമയെയും തെരഞ്ഞെടുത്തു. മുൻ മുഖ്യമന്ത്രി രമൺസിംഗാണു സ്പീക്കർ.
32 ശതമാനം ആദിവാസി ജനസംഖ്യയുള്ള സംസ്ഥാനത്ത് ആ വിഭാഗത്തിൽനിന്നുതന്നെയുള്ള നേതാവ് മുഖ്യമന്ത്രിയാകണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശത്തെത്തുടർന്നാണ് സായിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ആദിവാസി ഭൂരിപക്ഷമുള്ള ബസ്തർ, സർഗുജ മേഖലകളിൽ ബിജെപി ഈ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനമാണു കാഴ്ചവച്ചത്.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒബിസി വോട്ട് മൊത്തം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ബിജെപി ആ വിഭാഗക്കാരനായ അരുണ്‍ സാവോയെ മുഖ്യമന്ത്രിയാക്കുമെന്നാണ് കരുതിയത്.
മുൻ മുഖ്യമന്ത്രി രമണ്‍ സിംഗിന്റെ അടുത്ത അനുയായിയായ സായി ആർഎസ്എസ് പ്രവർത്തകനായാണു രാഷ്ട്രീയജീവിതം ആരംഭിച്ചത്. നാലുപ്രാവശ്യം എംപിയായിരുന്നു.
നിലവിൽ വടക്കൻ ഛത്തീസ്ഗഡിലെ കുൻകുരിയിൽനിന്നുള്ള എംഎൽഎയാണ്. മോദിസർക്കാർ അധികാരത്തിൽ വന്ന 2014 ൽ അദ്ദേഹം ബിജെപി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗമായിരുന്നു. ഒന്നാം മോദിസർക്കാരിൽ സ്റ്റീൽ വകുപ്പ് സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 90 അംഗ ഛത്തീസ്ഗഡ് നിയമസഭയിൽ ബിജെപിക്ക് 54 സീറ്റാണുള്ളത്.