ജാതി സെൻസസ് നടത്താൻ മോദിക്കു ഭയം: രാഹുൽ
Tuesday, September 26, 2023 4:23 AM IST
ബിലാസ്പുർ (ഛത്തീസ്ഗഡ്): ജാതി സെൻസസ് നടത്താൻ മോദി സർക്കാരിനു ഭയമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജാതി സെൻസസ് രാജ്യത്തിന്റെ എക്സ് റേയാണെന്നും രാഹുൽ പറഞ്ഞു. ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ സംഘടിപ്പിച്ച കോൺഗ്രസ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് പാർട്ടി വീണ്ടും അധികാരത്തിലേറിയാൽ ജാതി സെൻസസ് നടത്തും. ഇത്തരമൊരു സെൻസസ് വഴി മറ്റു പിന്നാക്ക വിഭാഗങ്ങൾ, ദളിതർ, ഗോത്രവിഭാഗങ്ങൾ, സ്ത്രീകൾ എന്നിവരുടെ നിലവിലെ അവസ്ഥ വ്യക്തമാകുമെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ഈ സെൻസസ് വഴി ഓരോ വിഭാഗത്തിലെയും ജനസംഖ്യ വ്യക്തമാകും. അധികാരത്തിലിരിക്കെ കോൺഗ്രസ് നടത്തിയ ജാതി സെൻസസ് വിവരം കേന്ദ്രസർക്കാർ പുറത്തുവിടാൻ മടിക്കുകയാണ്. എവിടെപ്പോയാലും മോദി ഒബിസികളെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ, കോൺഗ്രസ് നടത്തിയ ജാതി സെൻസസ് വിവരങ്ങൾ ഒളിപ്പിച്ചുവയ്ക്കാനാണ് മോദി ശ്രമിക്കുന്നത്.
ജനക്കൂട്ടത്തിനു മുന്പാകെ റിമോട്ട് എടുത്തുയർത്തിയ രാഹുൽ, ഇത് കോൺഗ്രസ് അമർത്തിയാൽ പാവപ്പെട്ടവർക്കും ആവശ്യക്കാർക്കും ഉപകാരപ്പെടുന്നതായിരിക്കും ഉണ്ടാകുകയെന്നും എന്നാൽ ഭരണകക്ഷിയായ ബിജെപി ഞെക്കിയാൽ അദാനിക്ക് തുറമുഖങ്ങളും വിമാനത്താവളങ്ങളും റെയിൽവെ കോൺട്രാക്ടുകളുമൊക്കെയാണു ലഭിക്കുകയെന്നും പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ജനകീയ പദ്ധതിയായ മുഖ്യമന്ത്രി ഗ്രാമീൺ ആവാസ് ന്യായ യോജന പദ്ധതിയുടെ ഉദ്ഘാടനം റിമോട്ടിൽ അമർത്തി രാഹുൽ നിർവഹിച്ചു. താൻ റിമോട്ട് കൺട്രോളിൽ അമർത്തിയതുവഴി കോടിക്കണക്കിനു രൂപ ഛത്തീസ് ഗഡിലെ ജനങ്ങളുടെ അക്കൗണ്ടുകളിൽ എത്തിയെന്നും രാഹുൽ കൂട്ടിച്ചേർത്തു.