വനിതാ സംവരണ ബിൽ ലോക്സഭ പാസാക്കി
Thursday, September 21, 2023 1:41 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ലോക്സഭയിലും നിയമസഭകളിലും വനിതകൾക്കു മൂന്നിലൊന്നു സീറ്റ് സംവരണം ചെയ്യുന്ന 128-ാം ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭ പാസാക്കി. 454 പേർ അനുകൂലിച്ചപ്പോൾ രണ്ട് എംപിമാർ മാത്രമാണ് എതിർത്തത്. വനിതാശക്തീകരണത്തിനുള്ള ചരിത്ര ബിൽ പാസാക്കാനായി ഭരണ-പ്രതിപക്ഷ പാർട്ടികളെല്ലാം കൈകോർത്തു.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കു പുറമെ പിന്നാക്ക വിഭാഗങ്ങൾക്കുകൂടി വനിതാസംവരണം വേണമെന്നതടക്കം പ്രതിപക്ഷം ചില ഭേദഗതികൾ കൊണ്ടുവന്നെങ്കിലും ഭരണപക്ഷം വഴങ്ങിയില്ല. എഐഎംഐഎം പ്രസിഡന്റ് അസദുദീൻ ഉവൈസിയും പാർട്ടി എംപി ഇതിയാസ് ജലീലുമാണ് ബില്ലിനെ എതിർത്ത് വോട്ടു ചെയ്തത്.
അതേസമയം, അത്യാധുനിക സാങ്കേതികവിദ്യയോടെ (കട്ടിംഗ് എഡ്ജ് ടെക്നോളജി) നിർമിച്ചതെന്നു സർക്കാർ പറഞ്ഞ പുതിയ പാർലമെന്റിലെ ആദ്യ വോട്ടിംഗിൽത്തന്നെ ലോക്സഭയിലെ ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനം പാളി. ഇതേത്തുടർന്ന് ബില്ലിലെ ഓരോ വകുപ്പിന്മേലും നടന്ന വോട്ടിംഗുകൾ കടലാസ് ബാലറ്റിലാണു നടത്തിയത്. ഇതുമൂലം രാത്രി 7.10ന് തുടങ്ങിയ വോട്ടിംഗ് ഒമ്പതുവരെ നീണ്ടു.
"നാരീശക്തി വന്ദൻ അധിനിയം’ എന്നു പേരിട്ട വനിതാ സംവരണ ബിൽ ഇന്നു തന്നെ രാജ്യസഭയിൽ ചർച്ചയ്ക്കെടുത്തേക്കും. രാജ്യസഭകൂടി പാസാക്കിയശേഷം പകുതി സംസ്ഥാനങ്ങളിലെയെങ്കിലും നിയമസഭകൾകൂടി ബിൽ പാസാക്കിയാലേ നിയമമാകൂ.
എങ്കിലും അടുത്ത സെൻസസും മണ്ഡല പുനർനിർണയവും പൂർത്തിയാക്കിയശേഷം വനിതാ സംവരണം നടപ്പാക്കുകയെന്ന ബില്ലിലെ വ്യവസ്ഥ മൂലം ഫലത്തിൽ വനിതാ സംവരണം നടപ്പാക്കുന്നത് 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പു വരെയെങ്കിലും നീളും. മണ്ഡലം പുനർനിർണയം സംബന്ധിച്ച ഭരണഘടനയുടെ 82-ാം അനുച്ഛേദം ഭേദഗതി ചെയ്യേണ്ടതുണ്ട്. ഡീലിമിറ്റേഷൻ നിയമത്തിനു പ്രത്യേക ബില്ലും വിജ്ഞാപനവും ആവശ്യമാണ്.
ബിൽ നിയമമാകുന്ന തീയതി മുതൽ 15 വർഷത്തേക്കു മാത്രമാണ് വനിതാ സംവരണമെന്നും ഇന്നലെ പാസാക്കിയ ബില്ലിൽ വ്യവസ്ഥയുണ്ട്. യുപിഎ ഭരണകാലത്ത് 2010ൽ രാജ്യസഭയിൽ വനിതാ സംവരണ ബിൽ പാസാക്കിയെങ്കിലും ലോക്സഭയിൽ പാസാക്കാനായിരുന്നില്ല. 1996 മുതൽ വിവിധ സർക്കാരുകളുടെ കാലത്ത് വനിതാ ബിൽ പാസാക്കാൻ ആറു തവണ ശ്രമങ്ങളുണ്ടായി. നിയമം നടപ്പാക്കിയാൽ ലോക്സഭയിലെ വനിതാ എംപിമാരുടെ എണ്ണം 181 ആയി ഉയരും.
രാജ്യത്തെ 95 കോടി വോട്ടർമാരിൽ പകുതിയോളം സ്ത്രീകളാണ്. നിലവിൽ പാർലമെന്റിന്റെ 15 ശതമാനവും സംസ്ഥാന നിയമസഭകളിൽ പത്തു ശതമാനവുമാണ് വനിതാ പ്രാതിനിധ്യം. വനിതാ ശക്തീകരണത്തിൽ വലിയ കാൽവയ്പായ ബിൽ ചരിത്രത്തിലെ സുവർണനിമിഷമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
ഭരണത്തിലേറി ഒന്പതു വർഷം ഒന്നും ചെയ്യാതിരുന്ന മോദി തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് ലക്ഷ്യമാക്കി മാത്രമാണ് ഇപ്പോൾ ബില്ലുമായി വന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. മോദി സർക്കാരിന്റെ കാലത്തു നടപ്പില്ലെന്ന് ഉറപ്പാക്കിയ വ്യവസ്ഥയോടെ ബിൽ കൊണ്ടുവന്നത് സ്ത്രീകളോടുള്ള വഞ്ചനയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
എസ്സി, എസ്ടി വിഭാഗങ്ങൾക്കു കഴിയുന്നത്ര 33 ശതമാനം സംവരണം എന്നതു മാറ്റി നിർബന്ധമായും എന്നു ചേർക്കണമെന്ന എൻ.കെ. പ്രേമചന്ദ്രന്റെ ഭേദഗതി അമിത് ഷായുടെ വിശദീകരണത്തെത്തുടർന്ന് പ്രേമചന്ദ്രൻതന്നെ പിൻവലിച്ചു. ഹൈബി ഈഡൻ, എ.എം. ആരിഫ്, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവരും നിർദേശിച്ച ഭേദഗതികൾ പിൻവലിച്ചു.