മെഡിക്കൽ പ്രവേശനത്തിൽ കേന്ദ്രം പിടിമുറുക്കുന്നു
Sunday, June 11, 2023 12:24 AM IST
ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ ബിരുദ കോഴ്സുകളിലേക്ക് ഇനിമുതൽ കേന്ദ്രീകൃത കൗണ്‍സലിംഗ് നടപ്പാക്കണമെന്ന നിർദേശവുമായി ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി). നീറ്റ് യുജി മെറിറ്റ് ലിസ്റ്റിനെ അടിസ്ഥാനമാക്കിയാകണം മെഡിക്കൽ ബിരുദ കോഴ്സുകളിലേക്ക് കൗണ്‍സലിംഗ് നടത്തേണ്ടതെന്നും എൻഎംസി വ്യക്തമാക്കി.
പിഴ ഒരു കോടി
ചട്ടവിരുദ്ധമായി കൗണ്‍സലിംഗ് നടത്തി അനർഹർക്കു പ്രവേശനം നൽകിയാൽ കോളജുകളിൽനിന്ന് ഒരു കോടി രൂപ വരെ പിഴ ഈടാക്കാമെന്നാണ് എൻഎംസി പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിൽ പറയുന്നത്.
നിലവിൽ രാജ്യത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ അഖിലേന്ത്യാ സീറ്റുകളിലേക്കും (15 ശതമാനം) കല്പിത സർവകലാശാലകളിലെ മുഴുവൻ സീറ്റുകളിലേക്കും കേന്ദ്രമാണ് കൗണ്‍സലിംഗ് നടത്തുന്നത്. സർക്കാർ കോളജുകളിലെ 85 ശതമാനം സീറ്റുകളിലേക്കും സ്വകാര്യ മെഡിക്കൽ കോളജുകളിലെ മുഴുവൻ സീറ്റുകളിലേക്കും അതത് സംസ്ഥാനങ്ങളാണു കൗണ്‍സലിംഗ് നടത്തുന്നത്.
എന്നാൽ ഇനിമുതൽ സർക്കാർ, സ്വകാര്യ, കല്പിത മെഡിക്കൽ കോളജുകളിൽ നൂറ് ശതമാനം കേന്ദ്രീകൃത പ്രവേശനം ഉറപ്പാക്കണമെന്നാണ് എൻഎംസിയുടെ നിർദേശം.
പൊതു കൗണ്‍സലിംഗിനായി സർക്കാർ പ്രത്യേക അഥോറിറ്റിയെ നിയമിക്കുമെന്നും കേന്ദ്രവും സംസ്ഥാനങ്ങളും ചർച്ച ചെയ്തു നടപടിക്രമങ്ങൾ തീർച്ചപ്പെടുത്തുമെന്നും എൻഎംസി അറിയിച്ചു. കൗണ്‍സലിംഗ് സംവിധാനം കേന്ദ്രീകൃതമല്ലാത്തതിനാൽ പ്രവേശനത്തിൽ കാലതാമസം നേരിടുന്നതായും സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായും പരാതിയുണ്ട്.
കേന്ദ്രീകൃത കൗണ്‍സലിംഗ് ഇതിനു പരിഹാരമാകും. ഇതിനു പുറമേ മെഡിക്കൽ സീറ്റുകളിലേക്ക് മെറിറ്റടിസ്ഥാനത്തിൽ പ്രവേശനം ഉറപ്പാകുമെന്നും സീറ്റുകൾ ലേലം ചെയ്യുന്ന ഇടനിലക്കാരുടെ ഇടപെടലുകൾ ഇല്ലാതാകുമെന്നും എൻഎംസി വ്യക്തമാക്കി.