കേന്ദ്രം വഴങ്ങി: സമരം താത്കാലികമായി നിർത്തിവച്ച് ഗുസ്തിതാരങ്ങൾ
Thursday, June 8, 2023 3:21 AM IST
ന്യൂഡൽഹി: ലൈംഗികപീഡന ആരോപണവിധേയനായ ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരേ നടപടി ആവശ്യപ്പെട്ടു ഗുസ്തിതാരങ്ങൾ നടത്തിവന്ന സമരം തത്കാലത്തേക്കു പിൻവലിച്ചു.
കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറിന്റെ വസതിയിൽ ആറു മണിക്കൂർ നീണ്ട ചർച്ചകൾക്കു പിന്നാലെയാണ് താരങ്ങളുടെ തീരുമാനം. പരാതിയിൽ 15നകം നടപടിയുണ്ടാകുമെന്ന് കേന്ദ്രം ഉറപ്പു നൽകിയ സാഹചര്യത്തിൽ അതുവരെ സമരമുണ്ടാകില്ലെന്ന് ഗുസ്തിതാരമായ ബജ്രംഗ് പൂനിയ വ്യക്തമാക്കി.
യുപി, ഹരിയാന സംസ്ഥാനങ്ങളിൽ ഗുസ്തിതാരങ്ങൾക്ക് പിന്തുണയുമായി കർഷകർ നടത്തിയ മഹാപഞ്ചായത്തിൽ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ഖാപ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. അറസ്റ്റുണ്ടായില്ലെങ്കിൽ ഗുസ്തി താരങ്ങൾ ജന്തർ മന്തറിൽ വീണ്ടും സമരം ആരംഭിക്കുമെന്നും കർഷകനേതാവ് രാകേഷ് ടികായത്ത് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗുസ്തി താരങ്ങളുമായി കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയ്ക്കു പിന്നാലെ, സമരത്തിനു നേതൃത്വം നൽകിയ സാക്ഷി മാലിക് ഉൾപ്പെടെയുള്ളവർ ജോലിയിൽ പ്രവേശിച്ചത് സമരം ഉപേക്ഷിച്ചിട്ടാണെന്നു വാർത്തകൾ വന്നിരുന്നു.
ഇന്നലെ തന്റെ ഔദ്യോഗിക വസതിയിൽ നടന്ന സുദീർഘമായ ചർച്ചയിൽ താരങ്ങളുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചതായി അനുരാഗ് സിംഗ് ഠാക്കൂർ തന്നെ വ്യക്തമാക്കി.
കേന്ദ്രം രേഖാമൂലം നല്കിയ ഉറപ്പുകൾ
ഗുസ്തിതാരങ്ങളുടെ പരാതിയിൽ ഈ മാസം 15നകം അന്വേഷണം പൂർത്തിയാക്കും. കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തുന്നവർക്കെതിരേ നടപടിയെടുക്കും. ദേശീയ ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷണോ അനുയായികളോ മത്സരിക്കില്ല,
ഫെഡറേഷൻ തെരഞ്ഞെടുപ്പ് ഈമാസം 30നുള്ളിൽ പൂർത്തിയാക്കും, ഫെഡറേഷന്റെ പരാതിപരിഹാര സമിതിക്ക് വനിതാ അധ്യക്ഷയെ നിയമിക്കും, പാർലമെന്റ് വളയൽ സമരത്തിൽ ഗുസ്തിതാരങ്ങൾക്കെതിരേ ചുമത്തിയിട്ടുള്ള ക്രിമിനൽ കേസുകൾ പിൻവലിക്കും.