വീണ്ടും മയക്കുവെടി! : അരിക്കൊന്പൻ അവശൻ
Tuesday, June 6, 2023 12:39 AM IST
കന്പം: ജനവാസ മേഖലയിലെത്തിയ അരിക്കൊന്പനെ തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വച്ചു പിടികൂടി. ഇന്നലെ പുലർച്ചെ രണ്ടോടെ തമിഴ്നാട്ടിലെ തേനി ജില്ലയിലെ പൂശാനംപെട്ടിക്കടുത്തുവച്ചാണ് ആനയെ മയക്കുവെടി വച്ചത്.
പുലർച്ചെ ആറോടെ കുങ്കിയാനകളുടെ സഹായത്തോടെ ആനിമൽ ആംബുലൻസിൽ കയറ്റിയ ആനയെ 270 കിലോമീറ്റർ കൊണ്ടുപോയി മണിമുത്താർ ചെക്ക്പോസ്റ്റ് കടന്ന് രാത്രി 9.30ന് മുത്തുക്കുഴി വയൽ വനമേഖലയിലെത്തിച്ച് രാത്രി തുറന്നുവിടാനായിരുന്നു പദ്ധതിയെങ്കിലും ആനയുടെ ആരോഗ്യനില കണക്കിലെടുത്ത് തുറന്നുവിട്ടില്ല. ആന അവശനാണെന്നും ചികിത്സ ആവശ്യമാണെന്നുമുള്ള നിലപാടിലാണ് തമിഴ്നാട് വനം ഉദ്യോഗസ്ഥർ. ആനയുടെ തുമ്പിക്കൈയിലെ മുറിവ് ആഴത്തിലുള്ളതാണ്.
ആനയെ തുറന്നുവിടാനുള്ള നീക്കത്തിനെതിരേ നാട്ടുകാർ വൻ പ്രതിഷേധമുയർത്തി. തേനി ജില്ലയിൽ ഉത്തമപാളയം പൂശാരി കൗണ്ടൻപേട്ട (ചിന്ന ഓവലപുരം) പെരുമാൾ കോവിൽ മലയുടെഅടിവാരത്തിൽ കന്പത്തുനിന്ന് 15 കിലോമീറ്റർ അകലെ സ്വകാര്യവ്യക്തിയുടെ തെങ്ങുംതോപ്പിൽ വച്ചാണ് ആനയെ ഇന്നലെ പുലർച്ചെ മയക്കു വെടിവച്ചത്.
ആദ്യ മയക്കുവെടിക്കു ശേഷം ബൂസ്റ്റർ ഡോസ് നൽകി. രാവിലെ ആറോടെ ആനിമൽ ആംബുലൻസിൽ കയറ്റി ആനയെ കൊണ്ടുപോകുകയായിരുന്നു. എവിടേക്കാണു കൊണ്ടുപോകുന്നതെന്ന വിവരം തമിഴ്നാട് വനം വകുപ്പ് രഹസ്യമാക്കി വച്ചു.
മണിമുത്താറിലേക്കാണ് അരിക്കൊന്പനെ കയറ്റിയ വാഹനം നീങ്ങുന്നതെന്നു മനസിലാക്കിയപ്പോഴാണ് ആനയെ ഇവിടെ തുറന്നുവിടാനാണു പദ്ധതിയെന്നു വ്യക്തമായത്. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു. എന്നാൽ പോലീസ് ഇവരെ പിന്തിരിപ്പിച്ചു.
മേയ് 27നുപുലർച്ചെയാണ് അരിക്കൊന്പൻ കന്പം ടൗണിലിറങ്ങി പരിഭ്രാന്തി പരത്തിയത്. അന്നുതന്നെ ആനയെ പിടികൂടി ഉൾവനത്തിൽ തുറന്നുവിടാൻ സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിനിടെ കാട്ടിലേക്ക് കയറിയ അരിക്കൊന്പൻ ഒരാഴ്ചയോളമായി ഷണ്മുഖ നദി അണക്കെട്ട് പരിസരത്ത് തുടരുകയായിരുന്നു.ഇന്നലെ പുലർച്ചെയാണ് കാടിറങ്ങി വനാതിർത്തിയോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ തെങ്ങിൻതോപ്പിലെത്തിയത്.