പാഞ്ഞെത്തിയ ദുരന്തത്തിൽ 288 മരണം
Sunday, June 4, 2023 12:42 AM IST
ബാലസോർ/ഭുവനേശ്വർ: രാജ്യത്തെ കണ്ണീരിലാഴ്ത്തി ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ ജീവൻ നഷ്ടമായവരുടെ എണ്ണം 288 ആയി. 1,175 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്. 793 പേരെ വിട്ടയച്ചു. 382 പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പശ്ചിമബംഗാൾ, തമിഴ്നാട്, ഒഡീഷ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും.
വെള്ളിയാഴ്ച വൈകുന്നേരം 6.50നും 7.10നുമിടയിൽ ബാലസോറിലെ ബഹനാഗ ബസാർ സ്റ്റേഷനുസമീപം ഷാലിമാർ-ചെന്നൈ സെൻട്രൽ കോറമാണ്ഡൽ എക്സ്പ്രസ്, ബംഗളൂരു-ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് എന്നിവയ്ക്കൊപ്പം ഒരു ഗുഡ്സ് ട്രെയിനുമാണ് അപകടത്തിൽപ്പെട്ടത്. കോറമാണ്ഡൽ എക്സ്പ്രസിൽ 1,257 പേരും ഹൗറ സൂപ്പർ ഫാസ്റ്റിൽ 1,039 പേരുമാണ് റിസർവേഷൻ സൗകര്യം ഉപയോഗിച്ചിരുന്നത്. റിസർവ് ചെയ്യാത്ത ഒട്ടേറെ യാത്രക്കാരും രണ്ടു ട്രെയിനുകളിലും ഉണ്ടായിരുന്നു.
വലിയ ക്രെയിനുകൾ ഉപയോഗിച്ച് റെയിൽവേ കോച്ചുകൾ നേരെയാക്കിയായിരുന്നു രക്ഷാപ്രവർത്തനം. ഗ്യാസ് കട്ടറുകൾ ഉൾപ്പെടെ ഉപയോഗിച്ച് കോച്ചുകൾ വെട്ടിപ്പൊളിച്ചാണ് കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചത്.
മൃതദേഹങ്ങളും ഇത്തരത്തിൽ പുറത്തെത്തിച്ചുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് രക്ഷാപ്രവർത്തനം അവസാനിപ്പിച്ചത്. തുടർന്ന് അപകടത്തിൽ താറുമാറായ ട്രാക്കുകൾ പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.
കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും വരികയായിരുന്ന ഒട്ടേറെ തൊഴിലാളികൾ അൺറിസർവേഡ് കംപാർട്ട്മെന്റിൽ ഉണ്ടായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ദുരന്തഭൂമി സന്ദർശിച്ചു. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവും മുതിർന്ന ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെ സ്ഥിതിഗതികൾ ധരിപ്പിച്ചു.
പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച അദ്ദേഹം അപകടത്തിന്റെ വിശദാംശങ്ങൾ ചോദിച്ചു മനസിലാക്കുകയും ചെയ്തു. അപകടത്തിൽ അതീവദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി കുറ്റക്കാർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി.
അപകടത്തെത്തുടർന്ന് ബാലസോർ വഴിയുള്ള 48 സര്‍വീസുകള്‍ റദ്ദാക്കി. 39 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു.
ഉത്തരമില്ലാത്ത ചോദ്യങ്ങൾ
മാനുഷികമായ പിഴവോ സിഗ്നൽ തകരാറോ മറ്റെന്തെങ്കിലുമോ ആകാം എന്നതരത്തിൽ അവ്യക്തമായ നിഗമനങ്ങളാണ് റെയിൽവേയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലുള്ളത്.
പ്രധാന പാതയിലേക്കു പ്രവേശിക്കാനുള്ള സന്ദേശം കോറമാണ്ഡൽ എക്സ്പ്രസിനു ലഭിച്ചിരുന്നുവെങ്കിലും ഗുഡ്സ് ട്രെയിൻ നിർത്തിയിട്ടിരുന്ന ലൂപ് ട്രാക്കിലേക്കാണ് ട്രെയിൻ ഓടിക്കയറിയത്. അതിവേഗത്തിലെത്തിയ ട്രെയിനിന്റെ 17 കോച്ചുകൾ പാളംതെറ്റി. ഇതിൽ ഏഴെണ്ണം തൊട്ടടുത്ത ട്രാക്കിലേക്കു തെന്നിനീങ്ങി. ഏതാനും സമയത്തിനുശേഷം ബംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഈ ബോഗികളിലേക്ക് ഇടിച്ചുകയറിയെന്നുമാണ് നിഗമനം.
കോറമാണ്ഡൽ എക്സ്പ്രസ് പാളം തെറ്റിയ ശേഷമാണോ, അതല്ല നേരിട്ട് ഗുഡ്സ് ട്രെയിനിൽ ഇടിക്കുകയായിരുന്നോ എന്നതിൽ റെയിൽവേയുടെ പ്രാഥമിക അന്വേഷണവും വ്യക്തമായ നിഗമനത്തിലെത്തുന്നില്ല.
നാലു ട്രാക്കുകളിലായി മൂന്ന് ട്രെയിനുകള്‍ നിമിഷനേരംകൊണ്ട് അപകടത്തില്‍പ്പെട്ടു എന്നതിൽ മാത്രമാണു വ്യക്തത. നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിൻ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്നു റെയില്‍വേ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അമിതാഭ് ശര്‍മ പറഞ്ഞു.