രാജസ്ഥാനിൽ സമവായം
Tuesday, May 30, 2023 1:43 AM IST
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുൻ പിസിസി അധ്യക്ഷൻ അധ്യക്ഷൻ സച്ചിൻ പൈലറ്റും തമ്മിലുള്ള അഭിപ്രായഭിന്നതയ്ക്കു താത്കാലിക പരിഹാരം. ഇന്നലെ ഡൽഹിയിലെത്തിയ ഇരു നേതാക്കളും പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും രാഹുൽഗാന്ധിയുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് സമവായ തീരുമാനമുണ്ടായത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരു നേതാക്കളും ഒത്തൊരുമിച്ച് പാർട്ടിയെ നയിക്കുമെന്ന് ഇരുവരെയും സാക്ഷിനിർത്തി രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി സുഖിന്ദർ രൻധാവയും കെ.സി.വേണുഗോപാലും പറഞ്ഞു. ഗെഹ്ലോട്ടാണ് ആദ്യം ഡൽഹിയിലെത്തിയത്.
സച്ചിൻ എത്തുമെന്നതിനെക്കുറിച്ച് വ്യക്തതയുണ്ടായിരുന്നില്ലെങ്കിലും രാത്രിയോടെ അദ്ദേഹവുമെത്തി. ഇരുനേതാക്കളുമായി ഒറ്റയ്ക്കു ചർച്ച നടത്തിയശേഷം കൂട്ടായും ചർച്ച നടത്തി. മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്കൊടുവിലാണ് സമവായതീരുമാനമുണ്ടായത്.
മൂന്നു വർഷം മുന്പ് അഭിപ്രായഭിന്നത ഉടലെടുത്തതിനുശേഷം ഇതാദ്യമായാണു ഇരുനേതാക്കളും ഒരുമിച്ച് ചർച്ച നടത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ആറുമാസം ശേഷിക്കെ രാജസ്ഥാനിലെ പ്രതിസന്ധി പരിഹരിക്കാനായതിന്റെ ആശ്വാസത്തിലാണ് കോൺഗ്രസ് നേതൃത്വം.
അനുനയനീക്കമെന്നോണം സച്ചിനെ വീണ്ടും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനാക്കാൻ ഹൈക്കമാൻഡ് ആലോചിക്കുന്നുണ്ട്. സംസ്ഥാനത്തെ പ്രബല വിഭാഗമായ ജാട്ട്സമുദായത്തിൽപ്പെട്ട ഗോവിന്ദ് സിംഗ് ദൊടാസ്രയാണു നിലവിലെ പിസിസി അധ്യക്ഷൻ. അദ്ദേഹത്തെ നീക്കുന്നതു വഴി ജാട്ട് സമുദായത്തിലുണ്ടായേക്കാവുന്ന നീരസം നീക്കാൻ ജാട്ട് സമുദായക്കാരനായ ഉപമുഖ്യമന്ത്രിയെ നിയമിക്കാനും പാർട്ടി ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രി ഗെഹ്ലോട്ടിനുകൂടി സ്വീകാര്യനായ ഒരാളായിരിക്കും ഉപമുഖ്യമന്ത്രി.
സച്ചിൻ പൈലറ്റുമായുള്ള പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിച്ചു യോജിപ്പോടെ മുന്നോട്ടുപോകണമെന്നു ഗെഹ്ലോട്ടിനോട് നേതാക്കൾ ആവശ്യപ്പെട്ടതായാണു സൂചന. ഇരുവരെയും ഒരുമിച്ചിരുത്തി പ്രശ്നങ്ങൾ ചർച്ച ചെയ്യാനും ഹൈക്കമാൻഡ് ഉദ്ദേശിക്കുന്നുണ്ട്.
താൻ സർക്കാർ മുന്പാകെ വച്ച മൂന്ന് ആവശ്യങ്ങളിൽ മേയ് 30നുള്ളിൽ നടപടിയുണ്ടായില്ലെങ്കിൽ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് സച്ചിൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽക്കൂടിയാണ് ഇരു നേതാക്കളെയും ഡൽഹിക്കു വിളിപ്പിച്ചത്.