ചെന്നൈയിൽ ബാങ്കുകൊള്ള; തോക്കുചൂണ്ടി 32 കിലോ സ്വർണം കവർന്നു
Sunday, August 14, 2022 1:05 AM IST
ചെന്നൈ: രാജ്യത്തെ ഞെട്ടിച്ച് ചെന്നൈയിൽ പട്ടാപ്പകൽ നടന്ന വൻ ബാങ്കുകൊള്ളയിൽ 32 കിലോ സ്വർണം നഷ്ടമായി. ചെന്നൈയിലെ അറുമ്പാക്കത്ത് ഫെഡറൽ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഫെഡ്ബാങ്ക് ശാഖ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് മൂന്നംഗസംഘം കൊള്ളയടിച്ചത്.
ബാങ്കിലെ ജീവനക്കാരനുൾപ്പെടെ മാസ്ക് ധരിച്ചെത്തിയ മൂന്നംഗസംഘം ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി സ്ട്രോംഗ് റൂമിന്റെ താക്കോൽ കൈവശപ്പെടുത്തി. തുടർന്ന് ജീവനക്കാരെ ശുചിമുറിയിലാക്കിയശേഷം കോടിക്കണക്കിനു രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കാരിബാഗിൽ ആക്കി കടന്നുകളയുകയായിരുന്നു.
ബാങ്കിന് ഇന്നലെ അവധിയായിരുന്നു. അക്കൗണ്ടിംഗ് ജോലികൾക്കായി ഏതാനും ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. 32 കിലോ സ്വർണം നഷ്ടമായതായി പോലീസ് കമ്മീഷണര്‍ ശങ്കര്‍ ജീവാല്‍ പറഞ്ഞു. കൊള്ളസംഘത്തിലെ ഒരാൾ ബാങ്കിലെ ജീവനക്കാരനാണെന്ന് ചെന്നൈ ജോയിന്റ് കമ്മീഷണര്‍ ടി.എന്‍. അന്‍ബു സ്ഥിരീകരിച്ചു. വിശദമായ കണക്കെടുപ്പിനുശേഷമേ നഷ്ടപ്പെട്ട സ്വർണത്തിന്റെ കൃത്യമായ അളവ് അറിയാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
സംഘത്തിലെ ഒരാൾ നൽകിയ ശീതളപാനീയം കുടിച്ച് താൻ അബോധാവസ്ഥയിലായെന്ന് സ്ട്രോംഗ്റൂമിനു സമീപത്തെ സുരക്ഷാജീവനക്കാരൻ പറഞ്ഞു. മൂന്നംഗസംഘത്തിൽ ഒരാൾ ബാങ്കിലെ ജീവനക്കാരനായതിനാൽ സംശയിച്ചില്ലെന്നാണ് ഇയാളുടെ വിശദീകരണം. മോഷ്ടാക്കളെ പിടികൂടാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചതായി പോലീസ് അറിയിച്ചു.