നീലപ്പെട്ടി ചർച്ച: കൃഷ്ണദാസിനു പരസ്യ ശാസന
Wednesday, January 8, 2025 2:59 AM IST
തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ നീലപ്പെട്ടി ചർച്ചയിൽ തെറ്റായ പരാമർശം നടത്തിയ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസിനെ പരസ്യമായി താക്കീത് ചെയ്യാൻ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
കൃഷ്ണദാസിന്റെ നിലപാട് പാർട്ടി നിലപാടിനു വിരുദ്ധമായിരുന്നുവെന്നും ഇക്കാര്യത്തിൽ പാർട്ടിയിൽ ഭിന്നതയുണ്ടെന്ന പ്രതീതി പൊതുജനങ്ങൾക്കിടയിൽ ഉണ്ടാക്കിയെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനെതിരേയുള്ള പാർട്ടി അച്ചടക്ക നടപടി.
തെരഞ്ഞെടുപ്പ് പ്രവർത്തനം യോജിപ്പോടെ കൊണ്ടുപോകേണ്ടതാണ്. ഇതിൽനിന്നു വ്യത്യസ്തമായ നിലപാട് കൃഷ്ണദാസിന്റെ ഭാഗത്തുനിന്നുണ്ടായി. അതിനാണു കൃഷ്ണദാസിനെ പരസ്യമായി ശാസിച്ചതെന്നും തെറ്റു തിരുത്തി മുന്നോട്ട് പോകാനാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നും പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
വയനാട് ഡിസിസി ട്രഷററും മകനും ആത്മഹത്യ ചെയ്യാനുണ്ടായ കാരണത്തിനു പിന്നിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയ്ക്കു പങ്കുണ്ടെന്ന കത്ത് പുറത്തുവന്ന സാഹചര്യത്തിൽ അദ്ദേഹം എംഎൽഎസ്ഥാനം രാജിവയ്ക്കണമെന്ന് എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.
ആർക്കും അമിതാധികാരം നൽകുന്ന ഒരു വ്യവസ്ഥയും നിർദിഷ്ട വനം നിയമത്തിലുണ്ടാകില്ലെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി.